ജോക്കോവിച്ച് ഡിസംബറില്‍ കൊവിഡ് ബാധിതനായി; തെളിവുകള്‍ ഹാജരാക്കി അഭിഭാഷകന്‍

മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനെത്തിയ നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയില്‍ പ്രവേശിക്കാനുള്ള വിസ ഉണ്ടായിരുന്നുവെന്നും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ വാക്‌സിന്‍ ഇളവ് അനുവദിച്ചിരുന്നുവെന്നും വ്യക്തമാക്കി ജോക്കോയുടെ അഭിഭാഷകന്‍ കോടതിയില്‍.

ഡിസംബറില്‍ കൊവിഡ് ബാധിതനായതിനാലാണ് പ്രത്യേക വാക്‌സിന്‍ ഇളവിന് അപേക്ഷിച്ചതെന്നും ജോക്കോവിച്ചിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഡിസംബര്‍ 16ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗവിവരം സ്ഥിരീകരിക്കപ്പെട്ടതെന്നും 32 പേജുള്ള സത്യവാങ്മൂലത്തിലൂടെ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ കൊവിഡ് ബാധിതനായ വ്യക്തിയെന്ന നിലയില്‍, ഡിസംബര്‍ 30ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ഇളവ് നല്‍കിയെന്നാണ് ജോക്കോവിച്ചിന്റെ വാദം. ഓസ്‌ട്രേലിയയിലെ ആഭ്യന്തര മന്ത്രാലയം ജോക്കോവിച്ചിന് വാക്‌സിന്‍ ഇളവ് നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളും അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസില്‍ കോടതില്‍ തിങ്കളാഴ്ചയാണ് ഇനി വാദം കേള്‍ക്കുക. എന്നാല്‍ ജോക്കോവിച്ചിന്റെ ഈ ന്യായം ശരിയല്ലെന്ന അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

Top