തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് പൊലീസ് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതെന്ന് ഡിജിപി അറിയിച്ചു. ചില പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്ക് ഹൈടെക്ക് സെല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഒരു പത്രപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചില ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയത്. പത്രപ്രവര്‍ത്തകന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അപകീര്‍ത്തികരമായി പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.
മുഖ്യമന്ത്രിക്കെതിരെ അശ്ലീലചുവയുള്ള വാചകങ്ങള്‍ ഉപയോഗിച്ച് പ്രചരണം നടത്തുന്നതായും ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചതെന്ന് ഡിജിപി അറിയിച്ചു. ഐടി ആക്ട് പ്രകാരം ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ മുമ്പു ഹൈടെക്ക് സെല്‍ സ്വീകരിച്ചിട്ടുണ്ടന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ നടപടിയെടുക്കുമെന്ന നിലപാട് പൊലീസിനില്ലെന്നും ഡിജിപി അറിയിച്ചു.