ന്യൂഡല്‍ഹി: ഡിജിപി ടി പി സെന്‍കുമാറിന്റെ വാക്കുകള്‍ ആയുധമാക്കി സംഘപരിവാര്‍ നീക്കം.
കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ മുഖ്യമന്ത്രിയുടെ ആശിര്‍വാദത്തോടെ സിപിഎം വ്യാപകമായ ആക്രമണം നടത്തുന്നു എന്നാരോപിച്ച് നടത്തുന്ന പ്രചരണത്തിന് സെന്‍കുമാറിന്റെ വാക്കുകള്‍ ആയുധമാക്കുകയാണ് സംഘപരിവാര്‍ സംഘടനകള്‍.
തന്നെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ ടി പി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചിരുന്നത്.
ഇക്കാര്യങ്ങളാണ് ആര്‍എസ്എസ് ദേശീയ നേതൃത്വം ഇപ്പോള്‍ പ്രധാനമായും പിണറായിക്കെതിരെ ഉയര്‍ത്തിക്കാട്ടുന്നത്.
ടി പി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ്, ഷുക്കൂര്‍ വധകേസുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തിയതിന്റെ പേരിലാണ് സ്ഥാനത്ത് നിന്ന് തെറിപ്പിച്ചതെന്നാണ് സെന്‍കുമാര്‍ നല്‍കിയ അപ്പീലില്‍ ബോധിപ്പിച്ചിരിക്കുന്നത്. തന്നെ മാറ്റിയതിനു ശേഷമാണ് കൂടുതല്‍ രാഷ്ട്രിയ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറിയതെന്നും കണക്കുകള്‍ സഹിതം അദ്ദേഹം ചൂണ്ടി കാട്ടിയിരുന്നു.
പൊലീസ് സംവിധാനത്തെ പിണറായി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ തെളിവാണ് ഡിജിപിയുടെ ഈ വെളിപ്പെടുത്തലെന്നാണ് ബിജെപി – ആര്‍എസ്എസ് നേതൃത്വങ്ങള്‍ ആരോപിക്കുന്നത്.
സര്‍വ്വീസിലിരിക്കെ തന്നെ ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയാന്‍ സെന്‍കുമാര്‍ തയ്യാറായത് ചുണ്ടി കാട്ടി പിണറായിക്കെതിരെയും സിപിഎമ്മിന് എതിരെയും കൂടുതല്‍ ശക്തമായി ആഞ്ഞടിക്കാനാണ് തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന് പുറത്ത് തടയുന്നത് ഫെഡറല്‍ സംവിധാനത്തിനോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപത്തെ സെന്‍കുമാറിന്റെ ‘അപ്പീല്‍’ ഉപയോഗിച്ച് പ്രതിരോധിക്കാനാണ് തീരുമാനം. കേരളത്തിലും ഇക്കാര്യം ഉയര്‍ത്തി കാട്ടി പ്രചരണം സംഘടിപ്പിക്കും.
മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവവത് വിവാദ പരാമര്‍ശത്തില്‍ വെട്ടിലായിരുന്ന സംഘപരിവാര്‍ നേതൃത്വത്തിന് സെന്‍കുമാറിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി കേരള സര്‍ക്കാറിനെ വിമര്‍ശിച്ചതും ആവേശം പകര്‍ന്നിട്ടുണ്ട്.
അപ്പീലിന്‍മേല്‍ വിശദീകരണം കേള്‍ക്കുമ്പോള്‍ സെന്‍കുമാറിന് അനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിക്കുകയെന്നാണ് അറിയുന്നത്.
ഹൈദരാബാദ് അടക്കം പിണറായി കേരളത്തിന് പുറത്ത് എവിടെ എത്തിയാലും പ്രതിഷേധമുയര്‍ത്തുമെന്ന് സംഘപരിവാര്‍ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.