ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിനു പിന്നാലെ കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി ഉയര്‍ന്ന പ്രതിസന്ധികള്‍ക്കു ഇന്നു പുലര്‍ച്ചയോടെ പരിഹാരമായത് സോണിയാ ഗാന്ധിയുടെ ശക്തമായ ഇടപെടല്‍ മൂലമെന്ന് റിപ്പോര്‍ട്ട്. കർണാടക മുഖ്യമന്ത്രി പദം ആഗ്രഹിച്ച ഡി.കെ ശിവകുമാറിനെ അനുനയിപ്പിച്ചതിൽ നിർണായക പങ്കുവച്ചത് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്നും ഇല്ലെങ്കിൽ മന്ത്രിസഭയിലേക്ക് പോലുമില്ലെന്ന കടുംപിടിത്തിലായിരുന്നു ഡി.കെ എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ സോണിയ ഗാന്ധി ഇടപെട്ട് സംസാരിച്ചതോടെയാണ് ഡി.കെ ശിവകുമാർ മന്ത്രിസഭയിലെ രണ്ടാമാനാകുന്നതിന് സമ്മതിച്ചത്.
കോൺഗ്രസ് നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തീരുമാനിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്ന ഡി.കെ ശിവകുമാറിനോട് സോണിയ കഴിഞ്ഞ ദിവസം രാത്രി സംസാരിച്ചിരുന്നു. ഇതേതുടർന്നാണ് ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ഓഫറിന് വഴങ്ങിയത്.
രണ്ടാം തവണയും സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിന് കടുത്ത എതിർപ്പാണ് ഡി.കെ ശിവകുമാർ പക്ഷം ആദ്യഘട്ടത്തിൽ പ്രകടിപ്പിച്ചിരുന്നത്. പക്ഷെ സിദ്ധരാമയ്യയ്ക്ക് കുടൂതൽ എംഎൽഎമാരുടെ പിന്തുണയുണ്ടായിരുന്നുതായിട്ടാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഡി.കെ ശിവകുമാറും സിദ്ധരാമയ്യും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയവരുമായി ചർച്ച നടത്തിയിരുന്നു.
കഴിഞ്ഞ നാലു വർഷത്തെ സംസ്ഥാനത്തെ ബിജെപി ഭരണത്തിനിടെ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ തനിക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്നായിരുന്നു ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടിരുന്നത്. ജെഡിഎസുമായുള്ള സഖ്യ സർക്കാർ തകർന്ന ശേഷം കർണാടക തിരിച്ചുപിടിക്കുമെന്ന് ഡി.കെ ശിവകുമാർ പരസ്യമായി പ്രതികരിച്ചിരുന്നു. തുടർന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ ഡി.കെ ശിവകുമാർ നടത്തിയ പ്രവർത്തനങ്ങൾ കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ നിർണായകമായി.