ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകള്‍ക്കിടെ ഭിന്നതകൾ മറന്ന് ഡി.കെ. ശിവകുമാറിന്റെ പിറന്നാൾ ആഘോഷിച്ച് സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും. ഇരുനേതാക്കളുടെയും അനുയായികൾ മുഖ്യമന്ത്രിപദത്തിനു വേണ്ടി പോസ്റ്റർ പതിപ്പിക്കുകയും പലവേദികളിലും ആവശ്യം ഉയർത്തുകയും ചെയ്യുന്നതിനിടെയാണ് ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ശിവകുമാറിന്റെ ജന്മദിനാഘോഷത്തിന് സിദ്ധരാമയ്യയുടെ സാന്നിധ്യം പ്രകടമാകുന്നത്.
ഞായറാഴ്ച നടന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിന്റെ ബാക്കിയായി ‘ഒരുമ’യുടെ സന്ദേശം പുറത്തുവിടുകയാണ് ഇതുവഴി നേതാക്കൾ ചെയ്തത്. എഐസിസി, കർണാടക പിസിസി അംഗങ്ങൾ ഉണ്ടായിരുന്ന യോഗത്തിൽ വച്ച് കേക്ക് മുറിച്ച് ശിവകുമാർ സിദ്ധരാമയ്യയ്ക്ക് നൽകുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ‘ഇതാണ് കോൺഗ്രസ്’, ‘ഞങ്ങളാണ് കോൺഗ്രസ്’ എന്നിങ്ങനെ കുറിപ്പുകളുമായി എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് രൺദീപ് സിങ് സുർജേവാലയും ചിത്രങ്ങൾ ട്വീറ്റ് ചെയ്തു.
Alongside the meeting with AICC Observers, birthday celebration of Sh. @DKShivakumar continue as all celebrate together. Happy birthday.
We are the Congress.#Karnataka pic.twitter.com/SjJ0sAqpiI
— Randeep Singh Surjewala (@rssurjewala) May 14, 2023
നേതാക്കൻമാരുടെ സംസാരത്തിനിടെ പിറന്നാൾ തിങ്കളാഴ്ചയാണെന്ന കാര്യം ശിവകുമാർ സൂചിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് സ്വകാര്യ ഹോട്ടലിൽ നടന്ന യോഗത്തിനുശേഷമുള്ള അത്താഴവിരുന്നിലേക്ക് റെഡ് വെൽവറ്റ് കേക്ക് എത്തുകയായിരുന്നു. സുർജേവാല ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കേക്ക് മുറിച്ചത്.
അതേസമയം, ട്വിറ്ററിലും ശിവകുമാർ അനുകൂലികൾ മുഖ്യമന്ത്രി പദ വാദങ്ങളുമായി എത്തി. ‘കർണാടക മുഖ്യമന്ത്രിക്ക് ആശംസകൾ’ എന്ന റീട്വീറ്റുകളും പങ്കുവയ്ക്കപ്പെട്ടു.