ബംഗലുരു : അറസ്റ്റിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച രാത്രിയില്‍ അറസ്റ്റ് ചെയ്ത ശിവകുമാറിനെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിലെ പ്രത്യേക മുറിയില്‍ ശിവകുമാറിനെ ഡോക്ടര്‍മാര്‍ രാവിലെ പരിശോധിച്ച ശേഷമാകും കോടതിയില്‍ ഹാജരാക്കുക.
ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ കസ്റ്റഡി ആവശ്യപ്പെടും. തുടര്‍ച്ചയായി നാലുദിവസം ചോദ്യം ചെയ്തശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് രേഖപ്പെടുത്തിയത്.
അനധികൃതസ്വത്ത് ആരോപണത്തേത്തുടര്‍ന്ന് 2017-ല്‍ ആദായനികുതി വകുപ്പ് ശിവകുമാറിന്റെ ഡല്‍ഹിയിലും ബംഗളുരുവിലുമുള്ള വസതികളിലടക്കം റെയ്ഡ് നടത്തിയിരുന്നു. എട്ടരക്കോടിയോളം രൂപയും വന്‍പണമിടപാടുകള്‍ സംബന്ധിച്ച രേഖകളും കണ്ടെടുത്തു. ആദായനികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
ഇ.ഡിയുടെ സമന്‍സ് റദ്ദാക്കണമെന്ന ശിവകുമാറിന്റെ ഹര്‍ജി കഴിഞ്ഞ വ്യാഴാഴ്ച കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണു ചോദ്യംചെയ്യലിനായി അദ്ദേഹത്തെ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയത്.
കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കോടികളുടെ ഹവാലപ്പണം കടത്തിയെന്നാണു ശിവകുമാറിനെതിരായ ആരോപണം. ശര്‍മ ട്രാവല്‍സിന്റെ വാഹനങ്ങളിലായിരുന്നു പണം കടത്തല്‍.
ശര്‍മ ട്രാവല്‍സ് ഉടമ സുനില്‍കുമാര്‍ ശര്‍മ, ഡല്‍ഹി കര്‍ണാടകഭവനിലെ ലയ്സണ്‍ ഓഫീസര്‍ ആഞ്ജനേയ ഹനുമന്തയ്യ, ശര്‍മ ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരന്‍ എന്‍. രാജേന്ദ്ര, ബിസിനസ് പങ്കാളി സച്ചിന്‍ നാരായണ എന്നിവര്‍ പണം കടത്തലിനു ശിവകുമാറിനെ സഹായിച്ചെന്നും ആദായനികുതി വകുപ്പ് പറയുന്നു. അടുത്തിടെ ജീവനൊടുക്കിയ കഫേ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ഥയുമായി ശിവകുമാറിന്റെ മകള്‍ ഐശ്വര്യ കോടികളുടെ ഇടപാടു നടത്തിയതിന്റെ രേഖകള്‍ ശിവകുമാറിന്റെ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് എന്‍. ചന്ദ്രശേഖറിന്റെ വസതിയില്‍നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.