പാര്‍ട്ടിയെ സംരക്ഷിക്കാനാണ് അത് ചെയ്തത്; രാജിക്കത്ത് കീറിക്കളഞ്ഞത് ശരിവച്ച് ശിവകുമാര്‍

ബംഗളൂരു: എച്ച്.ഡി.കുമാരസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്ത് കീറിക്കളഞ്ഞതായ ആരോപണം ശരിവച്ച് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. എച്ച്.ഡി.കുമാരസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 11 എംഎല്‍എമാരാണ് സ്പീക്കര്‍ക്ക് രാജി നല്‍കിയത്. കോണ്‍ഗ്രസിലെ എട്ടും ജനതാദള്‍ സെക്കുസലറിലെ മൂന്നും എംഎല്‍എമാരുമാണ് രാജി നല്‍കിയത്.

വൈകുന്നേരം സ്പീക്കറുടെ ഓഫീസിലെത്തി എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കുകയായിരുന്നു. എന്നാല്‍ സ്പീക്കര്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല. ഇവിടെയെത്തിയ ശിവകുമാര്‍ രാജിക്കത്തുകള്‍ കീറിക്കളഞ്ഞതായാണ് ആരോപണം.

രാജിക്കത്തുകള്‍ കീറിക്കളഞ്ഞതായി ശിവകുമാര്‍ പറഞ്ഞു. അപ്പോഴുണ്ടായ വികാരത്തിന്റെ പുറത്താണ് അത് ചെയ്തത്. അതില്‍ അവര്‍ തനിക്കെതിരെ പരാതി നല്‍കട്ടെ. താന്‍ വലിയ സാഹസമാണ് ചെയ്തത്. തന്റെ സുഹൃത്തുക്കളെയും പാര്‍ട്ടിയെയും സംരക്ഷിക്കാനാണ് ഇത് ചെയ്തതെന്നും ശിവകുമാര്‍ പറഞ്ഞു.

ശിവകുമാര്‍ രാജിക്കത്ത് കീറിക്കളഞ്ഞതായി ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പയാണ് ആരോപിച്ചത്. സംഭവത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തിരുന്നു.

Top