ഒരു ലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷവുമായി കനകാപുരയില്‍ കൂറ്റൻ വിജയവുമായി ഡി.കെ.ശിവകുമാർ

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മിന്നുംജയത്തിന് ചുക്കാന്‍ പിടിച്ച ‘ചാണക്യന്‍’ ഡി.കെ.ശിവകുമാര്‍ കനകപുരയില്‍നിന്ന് നിയമസഭയിലേക്കെത്തുന്നത് റെക്കോഡ് ഭൂരിപക്ഷത്തോടെ. ജെ.ഡി.എസ്. സ്ഥാനാര്‍ഥി ബി.നാഗരാജുവിനെ 1,22,392 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ ‘ട്രബിള്‍ഷൂട്ടര്‍’ ഇത്തവണ വിധാന്‍സൗധയിലെത്തുന്നത്. ഇതുവരെ ഫലംപ്രഖ്യാപിച്ച സീറ്റുകളില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും ശിവകുമാറിനാണ്.

കനകാപുരയില്‍ ആകെപോള്‍ ചെയ്ത 1,90,623 വോട്ടുകളില്‍ 1,43,023 വോട്ടുകളാണ് ശിവകുമാറിന് ലഭിച്ചത്. രണ്ടാമതെത്തിയ ജെ.ഡി.എസ്. സ്ഥാനാര്‍ഥി ബി.നാഗരാജുവിനാകട്ടെ 20,631 വോട്ടുമാത്രവും. ബി.ജെ.പി. സ്ഥാനാര്‍ഥി ആര്‍.അശോക 19,753 വോട്ടും നേടി.

ആകെപോള്‍ ചെയ്ത വോട്ടുകളില്‍ 75.03 ശതമാനം വോട്ടും കിട്ടിയത് ശിവകുമാറിനാണ്. 10.82%, 10.36% എന്നിങ്ങനെയാണ് യഥാക്രമം ജെ.ഡി.എസ്, ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ വോട്ടുവിഹിതം.

നേരത്തെ മൂന്നുതവണ ഡി.കെ. ശിവകുമാര്‍ തുടര്‍ച്ചയായി ജയിച്ച മണ്ഡലമാണ് കനകാപുര. 2008-ലായിരുന്നു ഡി.കെ. ശിവകുമാര്‍ ആദ്യമായി കനകാപുരയില്‍നിന്ന് ജനവിധി തേടിയത്. ജെ.ഡി.എസ്. സ്ഥാനാര്‍ഥി ഡി.എം.വിശ്വനാഥിനെ 7,179 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയായിരുന്നു കനകാപുരയില്‍ അദ്ദേഹത്തിന്റെ ആദ്യജയം. 2013-ല്‍ ഭൂരിപക്ഷം 31,424 ആക്കി ഉയര്‍ത്തിയ ശിവകുമാര്‍, 2018-ല്‍ 79,909 വോട്ടിന്റെ ഭൂരിപക്ഷത്തോടെയും കനകാപുരയില്‍നിന്ന് നിയമസഭയിലെത്തി. ഇത്തവണ കര്‍ണാടകയില്‍ ബി.ജെ.പി.യെ അട്ടിമറിച്ച് കോണ്‍ഗ്രസ് മിന്നുംജയം നേടിയപ്പോള്‍ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വിജയിച്ചത് പാര്‍ട്ടിക്കും ഇരട്ടിമധുരമായി.

Top