ന്യൂഡല്‍ഹി: ഗാന്ധികുടുംബമില്ലാതെ കോണ്‍ഗ്രസിന് അതിജീവനം സാധ്യമല്ലെന്ന് പാര്‍ട്ടിയുടെ മുന്‍നിര നേതാവ് ഡികെ ശിവകുമാര്‍. സംസ്ഥാന തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് നേതൃത്വത്തെ പ്രതിരോധിച്ച് ശിവകുമാര്‍ രംഗത്തെത്തിയത്. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒറ്റക്കെട്ടായി നില്‍ക്കാനാവില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐക്യത്തിന് അവരാണ് പ്രധാനം. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് നിലനില്‍ക്കുക അസാധ്യമാണ്,’ അദ്ദേഹം പറഞ്ഞു.
‘അധികാരത്തിന് ദാഹിക്കുന്നവര്‍ക്ക് ദയവായി പോകാം, വ്യക്തിപരമായ നേട്ടങ്ങള്‍ കാണുന്ന ആളുകള്‍ കോണ്‍ഗ്രസ് വിടുകയാണ്. ബാക്കിയുള്ളവര്‍ക്ക് അധികാരത്തില്‍ താല്‍പ്പര്യമില്ല. ഞങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോടും വിശ്വസ്തരാണ്, ഗാന്ധി കുടുംബത്തോടൊപ്പം എപ്പോഴും നില്‍ക്കും’ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘പ്രിയങ്ക ഗാന്ധി വളരെ കടുത്ത പോരാട്ടം ഏറ്റെടുക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തു. പക്ഷേ ഞങ്ങള്‍ക്ക് ഫലം നേടാനായില്ല… ഈ രാജ്യത്തെ വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല എന്നതാണ് കാര്യം. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അത് മനസ്സിലാകുന്നില്ല, അവരോട് അത് വിശദീകരിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു, പക്ഷേ അത് ചെയ്യുന്നതില്‍ പരാജയപ്പെട്ടു എന്നും ശിവകുമാര്‍ വ്യക്തമാക്കി.