തുടര്‍ച്ചയായി മൂന്നാം തവണയും ഡികെ ശിവകുമാറിന് സ്ഥാനാരോഹണ ചടങ്ങ് നടത്താനായില്ല

ബെംഗളൂരു: തുടര്‍ച്ചയായി മൂന്നാം തവണയും ഡികെയുടെ സ്ഥാനാരോഹണ ചടങ്ങിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ പ്രഖ്യാപനം വന്ന് മൂന്ന് മാസമായിട്ടും കര്‍ണാടക പിസസി അധ്യക്ഷ സ്ഥാനമേറ്റെടുക്കാനാകാതെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. ഇക്കാര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാഷ്ട്രീയ മര്യാദ മറക്കുകയാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം.

ഡി.കെ. ശിവകുമാറിനെ കര്‍ണാടക പിസിസി അധ്യക്ഷനായി സോണിയാഗാന്ധി പ്രഖ്യാപിച്ചത് മാര്‍ച്ച് 12-ന്. സ്ഥാനാരോഹണ ചടങ്ങിന് ജ്യോതിഷി ആദ്യം കുറിച്ചുനല്‍കിയ തീയതി മാര്‍ച്ച് 31. സംസ്ഥാനത്താകെ 3500 കേന്ദ്രങ്ങളിലായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സാമൂഹിക അകലം പാലിച്ച് സ്ഥാനാരോഹണചടങ്ങുകള്‍ നടത്താനായിരുന്നു പദ്ധതി.

എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ജൂണ്‍ ഏഴിന് അടുത്ത തീയതി കുറിച്ചെങ്കിലും അനുമതി നല്‍കിയില്ല. ഒടുവില്‍ മൂന്നാമതായി ജൂണ്‍ 14ന് അനുമതി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചു. കര്‍ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലുവടക്കമുള്ള ബിജെപി നേതാക്കള്‍ ഇതേ കാലയളവില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി റാലിയിലടക്കം പങ്കെടുത്തത് ചൂണ്ടിക്കാട്ടുന്നു ഡികെ ശിവകുമാര്‍.

Top