dlf land cause hariyana ex cheif minister samans

ഗുഡ്ഗാവ്: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ കമ്പനികള്‍ക്ക് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയോട് ഹാജരാവാന്‍ അന്വേഷണ കമ്മിഷന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 23മുന്പായി ഹാജരാവണമെന്നാണ് ജസ്റ്റിസ് എസ്.എന്‍.ദിംഗ്ര അദ്ധ്യക്ഷനായ സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഹരിയാന ചീഫ് സെക്രട്ടറി ദീപേ്‌നദര്‍ സിംഗ് ദേശിയുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും മൊഴി കമ്മിഷന്‍ രേഖപ്പെടുത്തിയിരുന്നു.

ഹരിയാന മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അശോക് ഖേംകയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് വാദ്രയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഗുഡ്ഗാവിലെ ഡിഎല്‍എഫ് കമ്പനി 350.17 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. 2012ലാണ് പ്രമുഖ വ്യവസായഗ്രൂപ്പായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും റോബര്‍ട്ട് വാദ്രയുടെ ഡി.എല്‍.എഫും തമ്മില്‍ വിവാദഭൂമിയിടപാട് നടന്നത്. വാദ്ര തുച്ഛമായ തുകയ്ക്ക് വാങ്ങിയ ഭൂമി വന്‍വിലയ്ക്ക് സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയ്ക്ക് മറിച്ചു വില്‍ക്കുകയായിരുന്നു.

ഇടപാടില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയ അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അശോക് ഖേംക ഭൂമിയിടപാട് റദ്ദാക്കി. തുടര്‍ന്ന് ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അശോക് ഖേംകയെ സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് പഞ്ചാബ്ഹരിയാന ഹൈക്കോടതി സസ്‌പെന്‍ഷന്‍ റദ്ദാക്കി.

കേസുമായി ബന്ധപ്പെട്ട് ഐ.എ.എസ് ഓഫീസറും യു.പി.എസ്.സി അംഗവുമായ ഛട്ടര്‍ സിംഗിനേയും ചോദ്യം ചെയ്തിരുന്നു. ഹൂഡയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നു ഛട്ടര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ടൗണ്‍ പ്ലാനിംഗ് വകുപ്പിലെ ഫയലുകള്‍ കൈകാര്യം ചെയ്തത് ഛട്ടര്‍ സിംഗായിരുന്നു.

Top