വലവിരിച്ച് ബിജെപി ; ജെഡിയുവിന് പിന്നാലെ അണ്ണാഡിഎംകെയും എന്‍ഡിഎയിലേക്ക്

ചെന്നൈ: നിതീഷ്‌കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎയുടെ ഭാഗമായതിന് പിന്നാലെ തമിഴ്‌നാട്ടിലെ എഐഎഡിഎംകെയും സഖ്യത്തിന്റെ ഭാഗമാകാന്‍ തയ്യാറെടുക്കുന്നു.

ഒ. പനീര്‍ശെല്‍വം, ഇ. പളനിസ്വാമി വിഭാഗങ്ങള്‍ തമ്മില്‍ ലയന ചര്‍ച്ചകള്‍ തുടരുകയാണ്.

ലയനത്തിന് ശേഷം എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകാനുളള ചര്‍ച്ചകള്‍ നടക്കും. സഖ്യത്തിന്റെ ഭാഗമാകുന്നതോടെ എഐഎഡിഎംകെ യ്ക്ക് ഒരു കേന്ദ്രമന്ത്രി സ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനവുമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് വിവരം.

അടുത്ത ദിവസങ്ങളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചെന്നൈയിലുണ്ടാകും. ഒ.പി.എസ്, ഇ.പി.എസ് വിഭാഗങ്ങള്‍ ഒന്നിച്ചാല്‍ ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത തീരുമാനം ഭരണഘടനാ ഭേദഗതിയിലൂടെ അസാധുവാക്കുമെന്നാണ് സൂചന.

നാളെ രണ്ടുവിഭാഗങ്ങളുടെയും യോഗം ചേരുന്നുണ്ട്. ലയനകാര്യത്തില്‍ നാളെത്തന്നെ തീരുമാനമുണ്ടായാല്‍ നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയേക്കും.

Top