ചെന്നൈയില്‍ ഡി.എം.കെയുടെ മഹാറാലി ആരംഭിച്ചു;  അണിചേര്‍ന്ന് ലക്ഷങ്ങള്‍

ചെന്നൈ: പൗരത്വ നിയമഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ചെന്നൈയില്‍ ഡി.എം.കെയും സഖ്യകക്ഷികളും നടത്തുന്ന മഹാറാലി ആരംഭിച്ചു. ഡിഎംകെയെ കൂടാതെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, മുസ്ലീംലീഗ്, സിപിഎം, സിപിഐ, വിസികെ തുടങ്ങിയ പാര്‍ട്ടികളും വിവിധ മുസ്ലീം-ദളിത് സംഘടനകളുമാണ് റാലിയില്‍ പങ്കെടുക്കുന്നത്.

ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനൊപ്പം കനിമൊഴി, കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും എം.ഡി.എം.കെ നേതാവ് വൈകോ, വി.സി.കെ നേതാവ് തൊല്‍ തിരുമാവളവന്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

നേരത്തെ, അക്രമസംഭവങ്ങളുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാണിച്ച് റാലിക്ക് തമിഴ്നാട് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ റാലി നടത്താനുള്ള അനുമതി ഹൈക്കോടതി ഡി.എം.കെയ്ക്ക് നല്‍കുകയായിരുന്നു.

റാലി മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണം, അക്രമം നടത്തരുത്, പൊതുമുതല്‍ നശിപ്പിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് റാലിക്ക് അനുമതി നല്‍കിയിട്ടുള്ളത്. അക്രമ സംഭവങ്ങളുണ്ടാകുന്നുണ്ടോ എന്നറിയാന്‍ റാലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള അനുമതി പോലീസിനും ഹൈക്കോടതി നല്‍കിയിട്ടുണ്ട്.

നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മെയ്യവും റാലിയുമായി സഹകരിക്കുന്നുണ്ടെങ്കിലും കമല്‍ ഹാസന്‍ റാലിക്കെത്തിയില്ല. ചികിത്സയ്ക്കായി അദ്ദേഹം വിദേശത്തേക്ക് പോയെന്നാണ് മക്കള്‍ നീതി മെയ്യം നേതൃത്വം ഡിഎംകെയെ അറിയിച്ചിട്ടുള്ളത്.

റാലി കടന്നു പോകുന്ന വഴികളില്‍ പൊലീസ് ഗതാഗതം തടഞ്ഞിരിക്കുകയാണ്. എഗ്മോറില്‍ കനത്ത ഗതാഗതക്കുരുക്കാണ് റാലിയെ തുടര്‍ന്ന് ഉണ്ടായത്. കാല്‍ലക്ഷത്തോളം പേര്‍ റാലിക്കെത്തിയിട്ടുണ്ടാവും എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 

 

Top