DMK criticize- jayalalitha’s-Brand Amma products

സേലം: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ജയലളിതയുടെ വാഗ്ദാനങ്ങളും വര്‍ധിക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് അമ്മയുടെ വക സൗജന്യ ഭക്ഷണവും, യാത്രാ സൗകര്യവും, വീട്ടുപകരണങ്ങളും തുടങ്ങി സിമന്റ് വരെ നല്‍കുന്നുണ്ട്.

എന്നാല്‍ ഈ ഉത്പ്പന്നങ്ങള്‍ക്കൊന്നും ഗുണനിലവാരമില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. പ്രതിപക്ഷ പാര്‍ട്ടി ഡിഎംകെയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈയടുത്ത് പാവപ്പെട്ട തമിഴ് ജനതയ്ക്കായി നല്‍കിയ ലാപ്പ് ടോപ്പ്, മിക്‌സി, ഗ്രൈന്‍ഡര്‍, ഫാന്‍, സ്‌കൂള്‍ കിറ്റ് എന്നിവ നിലവാരം കുറഞ്ഞവയാണെന്നാണ് ഡിഎംകെയുടെ ആരോപണം.

പെട്ടെന്നു തന്നെ പ്രവര്‍ത്തനരഹിതമാകുന്ന ഇലക്ട്രോണിക് സാധനങ്ങളാണ് ജയലളിത സര്‍ക്കാര്‍ നല്‍കുന്നതെന്നും ഇതിനായി പണം അമിതമായി ചെലവഴിക്കുകയാണെന്നുമാണ് ആരോപണം. ഈ ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ മാത്രം ചെലവഴിച്ചത് 21,000 കോടി രൂപയാണ്.

മിക്ക ഉല്‍പ്പന്നങ്ങളും ചൈനയില്‍ നിര്‍മ്മിച്ചവയാണെന്നാണ് ആരോപണം. ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമായതായി നിരവധി പരാതികള്‍ എത്തിയിട്ടുണ്ടെന്ന് ഡിഎംകെ നേതാക്കള്‍ പറയുന്നു. ലാപ്പ് ടോപ്പ് ലെനോവോയുടേതാണ്. മിക്‌സിയും, ഗ്രൈന്‍ഡറും, ഫാനും എല്ലാം പ്രവര്‍ത്തനരഹിതമായതായി പരാതി ഉണ്ട്.

ഇതിനെല്ലാം കൂടി 9,000കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയതെന്നും പാര്‍ട്ടി പറയുന്നു.

സേവലത്തുള്ള ഗ്രാമത്തില്‍ ഒരു കുടുംബത്തിനു ലഭിച്ച മിക്‌സി ലഭിച്ച് രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേടായിപ്പോയതായി പരാതിയുണ്ട്. പവര്‍ കോഡില്‍ നിന്നും തീപ്പൊരി വന്നെന്നും പ്രവര്‍ത്തനരഹിതമായെന്നുമാണ് പരാതി.

ഉല്‍പ്പന്നങ്ങളിലെല്ലാം ചേര്‍ത്തിരിക്കുന്നത് ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പേരുകളാണ്. എന്നാല്‍ അന്വേഷണത്തില്‍ ഈ കമ്പനികളെല്ലാം ചൈന ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ജയലളിത നല്‍കുന്ന ഉല്‍പ്പന്നങ്ങളില്‍ സര്‍ക്കാരിന്റെ ചിഹ്നവും ജയലളിതയുടെ ചിത്രവും പതിച്ചാണ് നല്‍കുന്നത്. ഇതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Top