ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ്; മോദി പക വീട്ടുന്നുവെന്ന് സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ്. കനിമൊഴിയുടെ തൂത്തുക്കുടിയിലെ കുരുഞ്ഞി നഗറിലെ വീട്ടിലാണ് റെയ്ഡ് നടത്തിയതെന്ന് ഇന്‍കംടാക്സ് വൃത്തങ്ങള്‍ അറിയിച്ചു.

തൂത്തുക്കുടിമണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് കനിമൊഴി. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍റെ സഹോദരി കൂടിയാണ് കനിമൊഴി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫ്ലയിംഗ് സ്ക്വാഡിനൊപ്പം ആദായനികുതി വകുപ്പിന്‍റെ പത്ത് ഉദ്യോഗസ്ഥരും ചേർന്നാണ് റെയ്‍ഡ് നടത്തിയത്.

കണക്കിൽപ്പെടാത്ത 11 കോടിയോളം രൂപ ഡിഎംകെ സ്ഥാർത്ഥിയുമായി ബന്ധമുള്ള ഒരു ഗോഡൗണിൽ നിന്ന് പിടിച്ചതിനെത്തുടർന്ന് തമിഴ്‍നാട്ടിലെ വെല്ലൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി മണിക്കൂറുകൾക്കകമാണ് ഡിഎംകെയുടെ ദേശീയ മുഖമായ കനിമൊഴിയുടെ വീട്ടിലും റെയ്‍ഡുകൾ നടക്കുന്നത്. കനിമൊഴിയുടെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണിത്.

അതേസമയം, ഇത് രാഷ്ട്രീയപകപോക്കലാണെന്ന് ആരോപിച്ച് ഡിഎംകെയും രംഗത്തെത്തി. ”ബിജെപിയുടെ സംസ്ഥാനപ്രസിഡന്‍റും കനിമൊഴിയുടെ എതിർസ്ഥാനാർത്ഥിയുമായ തമിഴിസൈ സൗന്ദർ രാജൻ നിരവധി കോടി രൂപ സ്വന്തം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. അവിടെ എന്തുകൊണ്ട് റെയ്‍ഡുകൾ നടത്തുന്നില്ല? തെരഞ്ഞെടുപ്പ് കമ്മീഷനിൽ അടിയന്തരമായി മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനെ ഡിഎംകെയെ താറടിച്ച് കാണിക്കാൻ ഉപയോഗിക്കുകയാണ്.” ഡിഎംകെ അദ്ധ്യക്ഷനും കനിമൊഴിയുടെ സഹോദരനുമായ സ്റ്റാലിൻ ആരോപിച്ചു.

Top