ബിജെപിയിലെ നടിമാർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി ഡിഎംകെ നേതാവ്; മറുപടിയുമായി ഖുശ്ബു

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വിവാദത്തിൽ. ഡിഎംകെ നേതാവ് സെയ്ദായി സാദിഖ് നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ബിജെപിയുടെ സിനിമതാരങ്ങളായ വനിതാ നേതാക്കള്‍ക്കെതിരെയാണ് ഇയാൾ ഇത്തരം പരാമർശം നടത്തിയത്. ഇതിനെതിരെ ബിജെപി നേതാവും നടിയുമായ ഖുശ്ബു രംഗത്ത് എത്തിയിട്ടുണ്ട്

ഡിഎംകെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് മന്ത്രി മനോ തങ്കരാജ് ആർകെ നഗറിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെയാണ് സെയ്ദായി സാദിഖ്, ബിജെപിയുടെ വനിതാ നേതാക്കള്‍ക്കെതിരെ അപകീർത്തികരമായ ഭാഷയിൽ പ്രസംഗിച്ചത്. ഡിഎംകെ മന്ത്രി വേദിയിലിരിക്കെയാണ് ഡിഎംകെ വക്താവ് കൂടിയായ സെയ്ദായി സാദിഖ് പ്രസംഗം നടത്തിയത്.

തമിഴ്‌നാട്ടിൽ ബിജെപിയെ എങ്ങനെ വളരുന്നു എന്ന് പറഞ്ഞാണ് സൈദായ് സാദിഖ് പ്രസംഗിക്കുന്നത്. ബിജെപിക്ക് നാല് നടിമാരാണുള്ളത്. ഖുശ്ബു, നമിത, ഗായത്രി രഘുറാം, ഗൗതമി. പണ്ട് ടി ആർ ബാലു, ബൽരാമൻ, ഇപ്പോഴുള്ള ഇളയ അരുണ തുടങ്ങിയ ശക്തരായ നേതാക്കളുമായാണ് നോർത്ത് മദ്രാസിൽ ഡിഎംകെ പാർട്ടി കെട്ടിപ്പടുത്തത്.

തമിഴ്‌നാട്ടിലെ നാല് ബി.ജെ.പി നടിമാരെയും ‘ഐറ്റങ്ങള്‍’ എന്ന് സൈദായ് സാദിഖ് പരാമർശിച്ചു. “ഞങ്ങൾ പാർട്ടി കെട്ടിപ്പടുത്തത് ശക്തരായ നേതാക്കളെ വെച്ചാണ്, എന്നാൽ നിങ്ങൾ ബിജെപിയിലെ നേതാക്കളെ നോക്കുകയാണെങ്കിൽ, നാല് സ്ത്രീകളും ‘ഐറ്റം’ങ്ങളാണ്, സെയ്ദായി സാദിഖ് പറയുന്നു.

“തമിഴ്‌നാട്ടിൽ ബിജെപി വളരുമെന്ന് ഒരിക്കൽ ഖുശ്ബു പറഞ്ഞിരുന്നു. എന്നാൽ അമിത് ഷായുടെ തലയിൽ മുടി വളര്‍ന്നാലും, തമിഴ്‌നാട്ടിൽ താമര വിരിയില്ലെന്ന് ഖുശ്ബുവിനോട് പറയുന്നു” -സെയ്ദായി സാദിഖ് പറയുന്നു. ഡിഎംകെ നേതാവ് ഇളയ അരുണ നടി ഖുശ്ബുവുമായി വേദി പങ്കിട്ടു എന്നത് അശ്ലീലകരമായ രീതിയിലും സെയ്ദായി സാദിഖ് പരാമര്‍ശിച്ചു. ഡിഎംകെയെ നശിപ്പിക്കാനും ബിജെപിയെ ശക്തിപ്പെടുത്താനും ഐറ്റങ്ങളെക്കൊണ്ട് കഴിയില്ലെന്നും സെയ്ദായി സാദിഖ് പ്രസംഗത്തില്‍ ആവര്‍ത്തിച്ചു.

ഈ പ്രസംഗത്തോട് പ്രതികരിച്ച് ബിജെപി നേതാവ് ഖുശ്ബു തന്‍റെ ട്വിറ്റര്‍ അക്കൌണ്ട് വഴി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. എംകെ സ്റ്റാലിന്റെ കീഴിലുള്ള പുതിയ ദ്രാവിഡ മോഡലിന്‍റെ ഭാഗമാണോ? ഇതെന്ന് ബിജെപി നേതാവ് ചോദിച്ചു.

സംഭവത്തില്‍ ഒരു ദേശീയ ചാനലിനോട് പ്രതികരിച്ച ഖുശ്ബു ഡിഎംകെയുടെ നേതാവ് തനിക്കെതിരെ നടത്തിയ പരാമർശത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മൗനം പാലിക്കുന്നതിനെതിരെ രംഗത്ത് വന്നു. “എന്‍റെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എനിക്കായി നിലകൊള്ളുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് അദ്ദേഹം മിണ്ടാത്തത്? ” – ഖുശ്ബു ചോദിച്ചു.

Top