ചെന്നൈ: ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച എഐഎഡിഎംകെയുടെ തീരുമാനത്തെ പരിഹസിച്ച് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിന്‍. ഒരാള്‍ കള്ളനും മറ്റേയാള്‍ കൊള്ളക്കാരനുമായതിനാല്‍ രണ്ട് പാര്‍ട്ടികളും ഇനിയും ഒരുമിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരിഹാസം. എഐഎഡിഎംകെ-ബിജെപി സഖ്യം അവസാനിച്ചെന്നാണു നേതൃത്വം പ്രഖ്യാപിച്ചത്. നിങ്ങള്‍ സഖ്യമുണ്ടാക്കിയാലും ഇല്ലെങ്കിലും പൊതുതെരഞ്ഞെടുപ്പില്‍ ഡിഎംകെ ജയിക്കും. നിങ്ങളുടെ പാര്‍ട്ടി അണികള്‍ പോലും ഈ തീരുമാനം വിശ്വസിക്കില്ല എന്നും ഉദയനിധി പറഞ്ഞു.
ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് എഐഎഡിഎംകെ – ബിജെപി ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം ഉണ്ടായത്. വരുന്ന തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാനാണ് എഐഎഡിഎംകെയുടെ തീരുമാനം. അണ്ണാദുരൈയേയും ജയലളിതയേയും വരെ ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയാണ് എഐഎഡിഎംകെ മുന്നണി വിട്ടത്. പ്രവര്‍ത്തകരുടെ വികാരം മാനിച്ചുള്ള തീരുമാനമെന്ന് പ്രമേയവും പാസാക്കിയിരുന്നു.
പുതിയ മുന്നണി രൂപീകരിച്ച് ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എഐഎഡിഎംകെ പ്രഖ്യാപിച്ചതിടെ സംസ്ഥാനത്ത് ത്രികോണ പോരാട്ടം ഉറപ്പായിരിക്കുകയാണ്. 2019ല്‍ എന്‍ഡിഎ സഖ്യത്തില്‍ മത്സരിച്ച പിഎംകെ, തമിഴ് മാനില കോണ്‍ഗ്രസ്, വിജയകന്തിന്റെ ഡിഎംഡികെ തുടങ്ങിയ പാര്‍ട്ടിക്കളെ ഒപ്പം നിര്‍ത്താന്‍ ബിജെപിയും എഐഎഡിഎംകെയും ഒരുപോലെ ശ്രമം തുടങ്ങിക്കഴിഞ്ഞു.