അന്താരാഷ്ട്ര മുരുകന്‍ ഫെസ്റ്റിനൊരുങ്ങി ഡി.എം.കെ. ലോകമെമ്പാടുമുള്ള മുരുക ഭക്തരെ ഉള്‍പ്പെടുത്തിക്കൊണ്ട് ജൂണ്‍-ജൂലൈ മാസങ്ങളിലായിരിക്കും ഫെസ്റ്റ് സംഘടിപ്പിക്കുക. ഫെസ്റ്റില്‍ മുരുകനെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളും പ്രദര്‍ശനങ്ങളും കോണ്‍ക്ലേവുകളും സംഘടിപ്പിക്കും. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ പ്രചരണായുധം. ബി.ജെ.പി പ്രചരണത്തിന് മറുപടിയെന്നോണമാണ് ഡി.എം.കെയുടെ അന്താരാഷ്ട്ര മുരുകന്‍ ഫെസ്റ്റ്.
മുരുകന്‍ ഫെസ്റ്റ് നടത്താനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായിട്ടാണ് ബി.ജെ.പി രംഗത്തെത്തിയത്. ‘കേന്ദ്രത്തില്‍ നിന്നുള്ള പദ്ധതികളെ സ്റ്റിക്കര്‍ മാറ്റി ഡി.എം.കെ പദ്ധതികളാക്കുകയായിരുന്നു അവര്‍ ആദ്യം ചെയ്തിരുന്നത്. ഇപ്പോള്‍ അവര്‍ ഞങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ പകര്‍ത്തി രാഷ്ട്രീയത്തിലും ഉപയോഗിക്കുയാണ്’- എന്നായിരുന്നു ബി.ജെ.പി സംസ്ഥാന സെക്രട്ടറി ആര്‍ ശ്രീനിവാസന്റെ പ്രതികരണം. ഫെസ്റ്റിന്റെ പ്രധാന കേന്ദ്രമായി തിരിചെന്ദൂര്‍ മുരുകന്‍ കോവില്‍ മാറ്റുമെന്നും ഇതിനായി 300 കോടി ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല മുരുകന്‍ തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. 2020ല്‍ ബി.ജെ.പി ‘വേല്‍ യാത്ര’ എന്ന പേരില്‍ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു.