തമിഴ് നാട്ടില്‍ ഡിഎംകെ കൂട്ടുകെട്ട് തുടരണം; ചരട് വലികളുമായി ഉമ്മന്‍ ചാണ്ടി

oomman chandy

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ചരടുവലി നീക്കങ്ങള്‍ക്കുള്ള ചുമതല ഉമ്മന്‍ ചാണ്ടിയെ ഏല്‍പ്പിച്ച് എഐസിസി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുക ഉമ്മന്‍ ചാണ്ടിയായിരിക്കും.പുതുച്ചേരിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സഖ്യം തുടരാനുള്ള സാധ്യത തേടുകയാണ് ചുമതല.

കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജെവാലയെയും ഉമ്മന്‍ ചാണ്ടിക്കൊപ്പം ചര്‍ച്ചകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി ഒരു വിശാല സഖ്യം കോണ്‍ഗ്രസ് ഉണ്ടാക്കിയിരുന്നു. അത് കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്തു എന്നാണ് വിലയിരുത്തല്‍.

ഇത്തവണ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയൊരു വിജയം ഡിഎംകെ സഖ്യം പ്രതീക്ഷിക്കുന്നുണ്ട്. സീറ്റ് വിഭജനത്തില്‍ ഡിഎംകെയുടെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ച ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

25-30 സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. ഡിഎംകെയുമായുള്ള ചര്‍ച്ചക്ക് മുന്‍പ് ഉമ്മന്‍ ചാണ്ടിയും സുര്‍ജേവാലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തര ചര്‍ച്ച നടത്തും. മണ്ഡലങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനാണ് ഇത്.

അതേസമയം, പുതിയ ചുമതല ഉമ്മന്‍ ചാണ്ടിയെ മാറ്റി നിര്‍ത്താനല്ലെന്ന് എഐസിസി അറിയിച്ചു. സീറ്റു വിഭജനത്തിനുള്ള താല്ക്കാലിക ചുമതല മാത്രമാണിത്. ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ ഇത് ബാധിക്കില്ലെന്നും എഐസിസി വ്യക്തമാക്കി.

Top