രാഷ്ട്രീയത്തില്‍ ശത്രുതയും ആശയപരമായ ഭിന്നതകളുമെല്ലാം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അപ്രസക്തമാണ്. കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണ പതാകയും മുസ്ലീം ലീഗിന്റെ പച്ച പതാകയും സി.പി.എമ്മിന്റെ ചെങ്കൊടിയുമെല്ലാം ഒന്നിച്ച് പറക്കുന്നത് കാണണമെങ്കില്‍ തമിഴകത്തേക്ക് ഒന്നു നോക്കിയാല്‍ മതി.
ഇവിടെ ഡി.എം.കെ മുന്നണിയില്‍ ഘടകകക്ഷികളാണ് ഈ പാര്‍ട്ടികള്‍. കേരളത്തില്‍ പരസ്പരം പോരടിക്കുന്നവര്‍ അതിര്‍ത്തിക്കപ്പുറത്ത് ഒരുമിച്ച് കൈകോര്‍ത്ത് നീങ്ങുന്നത് ഒരു കാഴ്ച തന്നെയാണ്.
കേരളത്തില്‍ ബി.ജെ.പിക്ക് ചൂണ്ടിക്കാണിക്കാന്‍ ബംഗാള്‍ മാത്രമല്ല, അയല്‍ സംസ്ഥാനത്തെ ഈ വിശാല സഖ്യവും ഒരു ആയുധമാകും. ബംഗാളില്‍ സി.പി.എം കോണ്‍ഗ്രസ്സുമായി സീറ്റ് ധാരണ ഉണ്ടാക്കിയ വാര്‍ത്ത വന്നതിന് തൊട്ടു പിന്നാലെയാണ് തമിഴ് നാട്ടില്‍ നിന്നും സഖ്യ വാര്‍ത്ത പുറത്ത് വന്നത്.ഇവിടെ ആകെയുള്ള 40 സീറ്റില്‍ 20 എണ്ണത്തില്‍ ഡി.എം.കെ മത്സരിക്കും 10ല്‍ കോണ്‍ഗ്രസ്സും. രണ്ട് വീതം സീറ്റുകളിലാണ് സി.പി.എമ്മും സി.പി.ഐയും മത്സരിക്കുക. മുസ്ലീം ലീഗിന് ഒരു സീറ്റാണ് നീക്കിവെച്ചിരിക്കുന്നത് മറ്റ് സീറ്റുകളില്‍ തമിഴകത്തെ പ്രാദേശിക പാര്‍ട്ടികള്‍ തന്നെയാണ് മത്സരിക്കുന്നത്.
മതേതര പാര്‍ട്ടിയായാണ് കോണ്‍ഗ്രസ്സിനെ സി.പി.എം കാണുന്നതെങ്കിലും മുസ്ലീം ലീഗിനെ വര്‍ഗ്ഗീയ പാര്‍ട്ടി പട്ടികയില്‍ നിന്നും ഇതുവരെ സി.പി.എം മാറ്റിയിട്ടില്ല. ഈ വര്‍ഗ്ഗീയ പാര്‍ട്ടിയുമായി സഖ്യമായാണോ മത്സരിക്കുന്നത് എന്ന ചോദ്യം കേരളത്തിലും സി.പി.എം നേരിടേണ്ടി വരും. ബംഗാളിലെ സി.പി.എം കോണ്‍ഗ്രസ്സ് സഖ്യം കേരളത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ ആശങ്കപ്പെട്ടിരിക്കെയാണ് ലീഗ് ഭീഷണിയും ചെമ്പടയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ബി.ജെ.പി വിരുദ്ധര്‍ എല്ലാം ഒറ്റക്കെട്ടാണെന്ന് ചൂണ്ടിക്കാട്ടി ആഞ്ഞടിക്കാനാണ് ബി.ജെ.പി ഈ അവസരം ഉപയോഗിക്കാൻ പോകുന്നത്.
കേരളത്തിലെ സി.പി.എം പ്രവര്‍ത്തകരെ സംബന്ധിച്ച് ബി.ജെ.പി, കോണ്‍ഗ്രസ്സ് , മുസ്ലീം ലീഗ് പാര്‍ട്ടികളുമായി ഒരു ധാരണ സ്വപ്നത്തില്‍ പോലും ആഗ്രഹിക്കാത്തവരാണ്. ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറത്ത് പോലും ലീഗിനോട് പടവെട്ടി നിരവധി സീറ്റുകള്‍ പിടിച്ചെടുത്ത് ശക്തമായ സാന്നിധ്യമാകാന്‍ സി.പി.എമ്മിന് കഴിഞ്ഞിരുന്നു. അതേസമയം സി.പി.എമ്മും ലീഗും മാത്രം കൂട്ട് ചേര്‍ന്നാല്‍ കേരളത്തില്‍ എല്ലാക്കാലവും ഒരുമിച്ച് ഭരിക്കാന്‍ കഴിയും എന്ന വിലയിരുത്തലുകള്‍ ഇപ്പോഴും സജീവമാണ്.
പ്രത്യായശാസ്ത്രപരമായ ഉറച്ച നിലപാടുകള്‍ മൂലമാണ് മുസ്ലീം ലീഗിനെ സി.പി.എം അകറ്റി നിര്‍ത്തിയിരിക്കുന്നത്. മുന്‍പ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ അടവ് നയം ചരിത്രപരമായ തെറ്റായിരുന്നു എന്നാണ് സി.പി.എം വിലയിരുത്തല്‍. മതത്തിന്റേയും ജാതിയുടേയും പേരില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുമായി ഒരു തരത്തിലും സഖ്യത്തിനില്ലെന്നതാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയം.
സി.പി.എം അല്ലാതെ കാര്യമായ ജന സ്വാധീനമുള്ള മറ്റൊരു പാര്‍ട്ടിയും ഇടതുപക്ഷത്തില്ല. എന്നാല്‍ യു.ഡി.എഫിന്റെ സ്ഥിതി അതല്ല അവിടെ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും ശക്തമായ ജനകീയ അടിത്തറയുള്ള പാര്‍ട്ടികളാണ്. ഇടതുപക്ഷത്താകട്ടെ രണ്ടാം പാര്‍ട്ടിയായ സി.പി.ഐക്ക് പോലും ഒറ്റക്ക് ഒരു മണ്ഡലത്തിലും ജയിക്കാനുള്ള ശേഷിയില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന ഭരണത്തില്‍ രണ്ടാം ഊഴം ആഗ്രഹിക്കുന്ന സി.പി.എമ്മിന് മുസ്ലീം ലീഗിനെ കൂടെ നിര്‍ത്താന്‍ തമിഴക സഖ്യം പ്രചോദനമാകുമെന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ അഭിപ്രായം. നിലപാടുകള്‍ മാറാനുള്ളതാണെന്നും എന്നും സ്ഥിരമായ ശത്രുക്കള്‍ രാഷ്ട്രിയത്തില്‍ ഇല്ലന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കാര്യമെന്തായാലും തമിഴകത്തെ കോലീസി സഖ്യം കേരളത്തിലെ സി.പി.എമ്മിനെ സംബന്ധിച്ച് പ്രത്യേകിച്ച് ഇടതുപക്ഷത്തെ സംബന്ധിച്ച് ഒരു പാര തന്നെയാണ്.