ന്യൂഡല്‍ഹി;ഡി.എന്‍.എ സാങ്കേതികവിദ്യ ബില്‍ അംഗീകരിച്ച് ലോക്‌സഭ. സവിശേഷ ക്രിമിനല്‍, സിവില്‍ കേസുകളില്‍ ഡിഎന്‍എ സങ്കേതികവിദ്യ നിയന്ത്രണങ്ങളോടെ ഉപയോഗിക്കാനുള്ള ബില്ലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
പിതൃത്വ തര്‍ക്കം, കുടിയേറ്റം, അവയവദാനം എന്നിവയുമായ് ബന്ധപ്പെട്ട കേസുകളിലാണ് ഡിഎന്‍എ പരിശോധന ഉപയോഗപ്രദമാവുക. ഇത്തരം കേസുകളില്‍ ഒരു ശതമാനത്തില്‍ കുറവുമാത്രമേ ഡി.എന്‍.എ പരിശോധന നടത്തേണ്ടി വരുകയുള്ളൂവെന്നാണ് കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കിയത്. നിയമം ദുരുപയോഗം ചെയ്യുമെന്ന അംഗങ്ങളുടെ ആശങ്കയില്‍ കാര്യമില്ല. രക്ത സാമ്പിളുകളെടുന്ന ലബോറട്ടറിയില്‍പോലും ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.എന്‍.എ സാങ്കേതികവിദ്യ ഉപയുക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ ഡി.എന്‍.എ ഡാറ്റാബാങ്കും മേഖല ഡി.എന്‍.എ ഡാറ്റാ ബാങ്കുകളും സ്ഥാപിക്കുമെന്ന് ബില്ലില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഡി.എന്‍.എ പരിശോധന നടത്തണമെങ്കില്‍ വ്യക്തിയുടെ മുന്‍കൂര്‍ അനുമതി വേണം എന്നും നിര്‍ദേശത്തില്‍ പറയുന്നു.