ഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡര്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ വിമര്‍ശനം ഉന്നയിച്ച ഹംഗേറിയന്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ജോര്‍ജ് സോറോസ് പണ്ട് പറഞ്ഞിട്ടുള്ള മിക്ക കാര്യങ്ങളോടും താന്‍ യോജിച്ചിട്ടില്ല. ഇപ്പോള്‍ അദ്ദേഹം പറയുന്ന മിക്ക കാര്യങ്ങളോടും താന്‍ യോജിക്കുന്നില്ല-പി ചിദംബംരം പറഞ്ഞു.
മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ സോറോസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. അദാനിയുടെ ഓഹരി തട്ടിപ്പ് വിവാദം ഇന്ത്യയില്‍ മോദിയുടെ തകര്‍ച്ചയുടെ തുടക്കമാകുമെന്നായിരുന്നു സോറോസിന്റെ വിമര്‍ശനം. ഇന്ത്യയില്‍ ജനാധിപത്യ പുനരുജ്ജീവനത്തിന് അദാനി വിഷയം വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉറ്റ സുഹൃത്ത് ആയിരുന്നിട്ടും അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനത്തിലാണ്. അദാനിയുടെ ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട വിദേശ നിക്ഷേപകരുടെയും പാര്‍ലമെന്റിന്റെയും ചോദ്യങ്ങള്‍ക്ക് മോദി മറുപടി നല്‍കേണ്ടിവരുമെന്നും സോറോസ് വിമര്‍ശിച്ചിരുന്നു.
92 വയസ്സുള്ള ഒരു സമ്പന്നനായ വിദേശ പൗരന്റെ തെരുവ് പ്രസംഗത്താല്‍ അട്ടിമറിക്കപ്പെടാന്‍ കഴിയുന്നത്ര ദുര്‍ബലമാണ് മോദി സര്‍ക്കാര്‍ എന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് ചിദംബരം ട്വീറ്റില്‍ കുറിച്ചു. ജോര്‍ജ് സോറോസിനെ അവഗണിച്ച് സാമ്പത്തിക വിദഗ്ധനായ നൂറിയല്‍ റൂബിനി പറയുന്നത് എന്തെന്ന് കേള്‍ക്കണമെന്നും അദ്ദേഹം കുറിച്ചു.
ഇന്ത്യയില്‍ വന്‍കിട കമ്പനികള്‍ പുതുതായി കടന്നുവരുന്ന കമ്പനികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുയാണ് എന്ന് റൂബിനി അഭിപ്രായപ്പെട്ടിരുന്നു. ഉദാരവത്കരണം തുറന്ന മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ തുടക്കമായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് വിപണി നിയന്ത്രിക്കുന്ന അവസ്ഥയില്‍ എത്തിച്ചെന്ന് ചിദംബരം കൂട്ടിച്ചേര്‍ത്തു.