ചൈനീസ് സേനകൾ ഇന്ത്യയുമായി സംഘർഷം തുടരുന്നത് പോലെ തന്നെ മറുഭാഗത്ത് തായ്‌വാനുമായും സംഘർഷം തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രണ്ട തവണയാണ് ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാന്റെ അതിർത്തി കടന്ന് നിരീക്ഷണം നടത്തിയത്. ഇതിനെതിരെയാണ് ഇപ്പോൾ മുന്നറിയിപ്പുമായി തായ്‌വാൻ രംഗത്തു വന്നിരിക്കുന്നത്. അതിർത്തി കടക്കരുതെന്ന് ആവശ്യപ്പെട്ട് തായ്‌വാൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചൈനീസ് യുദ്ധവിമാനങ്ങൾ തുടർച്ചയായി രണ്ട് ദിവസം തായ്‌വാനിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ പ്രവേശിച്ചതായി നേരത്തെ തായ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ചൈനീസ് ജെറ്റുകൾ തായ്‌വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് പറക്കുന്നതായി തായ്‌വാൻ വൈസ് പ്രസിഡന്റ് ലൈ ചിങ്-ടെ ട്വിറ്ററിലൂടെ അറിയിച്ചു.
തെറ്റ് ആവർത്തിച്ചാൽ തായ്‌വാൻ അതിനനുസരിച്ച് പ്രതികരിക്കുമെന്നും സംയമനം പാലിക്കാൻ പിഎൽഎയെ പ്രേരിപ്പിക്കുമെന്നും തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രാദേശിക സമാധാനത്തിനും വ്യോമയാന സുരക്ഷയ്ക്കും ഭീഷണിയായി പിഎൽഎ ഈ രണ്ട് ദിവസങ്ങളിൽ തായ്‌വാനിലെ തെക്കുപടിഞ്ഞാറൻ എഡിഎസിൽ സൈനികാഭ്യാസം നടത്തി.
കുറച്ചു ദിവസമായി ചൈന തായ്‌വാൻ ദ്വീപിന് സമീപം സൈനികാഭ്യാസം ശക്തമാക്കിയിട്ടുണ്ട്. യുദ്ധ സന്നദ്ധതയ്ക്കായി ഞങ്ങൾ എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ടെന്ന് തായ്‌വാനിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു .