രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2000 രൂപയിലധികം സംഭാവന നല്‍കരുതെന്ന് ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2000 രൂപയിലധികം സംഭാവന നല്‍കരുതെന്ന് ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശം. രാജ്യത്തെ വിവിധ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച പരസ്യം ആദായനികുതി വകുപ്പ് നല്‍കിത്തുടങ്ങി.

അനധികൃത പണമിടപാടുകള്‍ തടയാനാണ് ആദായനികുതി വകുപ്പ് പുതിയ നിര്‍ദ്ദേശം പുറത്തിറക്കിയത്.

തിരഞ്ഞെടുപ്പ് ഫണ്ടുകളെ അഴിമതി വിമുക്തമാക്കാന്‍ നേരത്തെ ‘ഇലക്ടറല്‍ ബോണ്ടുകള്‍’ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം ആദായനികുതി വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതു കൂടാതെ ഒരു വ്യക്തിയില്‍ നിന്ന് ഒരു ദിവസം രണ്ട് ലക്ഷത്തിലധികം രൂപ പണമായി വാങ്ങരുതെന്നും നിര്‍ദേശമുണ്ട്. ഭൂമി തുടങ്ങിയ വസ്തുക്കളുടെ ഇടപാടിന് 20,000 രൂപയോ അതിലധികമോ പണമായി വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്. കച്ചവട സംബന്ധമായോ ജോലി സംബന്ധമായോ ഉള്ള ചെലവുകള്‍ 10,000 രൂപയിലധികം വരുന്നവ പണമായി നല്‍കരുതെന്നും നിര്‍ദേശമുണ്ട്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നികുതിയോ പിഴയോ ഈടാക്കുമെന്നാണ് ആദാ നികുതി വകുപ്പ് അറിയിക്കുന്നത്.

Top