കണ്ണൂര്‍: ബിജെപി ദേശീയ ഉപാധ്യക്ഷനായി എ.പി. അബ്ദുള്ളക്കുട്ടിയെ തെരഞ്ഞെടുത്ത പാര്‍ട്ടി തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍. കൂടിയാലോചനകള്‍ ഇല്ലാതെയാണ് അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി ഉപാധ്യക്ഷനാക്കിയതെന്നും പാര്‍ട്ടിയ്ക്കായി കഷ്ടപ്പെട്ടവരെ വിസ്മരിക്കരുതെന്നും മുകുന്ദന്‍ തുറന്നടിച്ചു.
ദീര്‍ഘകാലം പ്രവര്‍ത്തിച്ച നേതാക്കളെ അവഗണിച്ചാണ് ഇന്നലെ വന്നയാള്‍ക്ക് സ്ഥാനം നല്‍കിയത്. പാര്‍ട്ടിക്കായി ജയിലില്‍ പോയവരെയും കഷ്ടപ്പെട്ടവരെയും വിസ്മരിക്കരുത്. സ്ഥാനങ്ങള്‍ക്ക് വേണ്ടിയല്ല ആദ്യകാല നേതാക്കള്‍ പ്രസ്ഥാനത്തില്‍ എത്തിയത്. സംഘടന തെരഞ്ഞെടുപ്പിന് പകരമുള്ള നോമിനേഷന്‍ രീതി പാര്‍ട്ടിയെ തകര്‍ക്കും. വ്യക്തി അധിഷ്ഠിതമാകുന്ന പ്രസ്ഥാനങ്ങള്‍ക്ക് അധികകാലം നിലനില്‍പ്പില്ലെന്നും മുകുന്ദന്‍ തുറന്നടിച്ചു.