‘ഒരുവിഭാ​ഗം മാത്രം വർധിക്കരുത്’; ജനസംഖ്യാ നിയന്ത്രണത്തിൽ പ്രതികരിച്ച് യോ​ഗി ആദിത്യനാഥ്

രാജ്യത്തെ ജനസംഖ്യാ നി‌‌ന്ത്രണം ജനസംഖ്യാ അസന്തുലിതാവസ്ഥയിലേക്ക് നയിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനസംഖ്യയിൽ ഒരു പ്രത്യേക വിഭാഗം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുമെന്നും അത്തരം സാഹചര്യം ഉണ്ടാകരുതെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ഒരു വിഭാ​ഗത്തിന്റെ മാത്രം ജനസംഖ്യാ വർധനവ് മതപരമായ ജനസംഖ്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായി മാറും. അത് അസ്വാസ്ഥ്യത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കും. അതുകൊണ്ടു തന്നെ ജനസംഖ്യാ നി‌യന്ത്രണമെന്നത് ജാതി, മതം, പ്രദേശം, ഭാഷ എന്നിവയ്ക്ക് അതീതമാകണമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ നിയന്ത്രണം ആരോഗ്യവകുപ്പിന്റെ മാത്രം ലക്ഷ്യമാകരുതെന്നും ഗ്രാമവികസനം, പഞ്ചായത്ത് രാജ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ പരസ്പരം യോജിച്ച് പ്രവർത്തിക്കണമെന്നും ബോധവൽക്കരണവും ഒപ്പം നടക്കണമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Top