ന്യൂഡല്‍ഹി: ഇന്ത്യയുടെ വാര്‍ഷിക റീട്ടെയ്ല്‍ പണപ്പെരുപ്പം നാല് മുതല്‍ അഞ്ച് ശതമാനം വരെയായി നിലനിര്‍ത്തുന്നതിന് ഇന്ത്യന്‍ നയ രൂപീകരണ രംഗത്തുള്ളവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് യുഎസ് വിദഗ്ദ്ധന്‍.
പണപ്പെരുപ്പനിരക്കില്‍ കാര്യമായ കുറവ് വരുത്താന്‍ ലക്ഷ്യമിടരുതെന്നും യുഎസ് വിദഗ്ദ്ധന്‍ അഭിപ്രായപ്പെട്ടു.
വികസിത സമ്പദ്‌വ്യവസ്ഥകളില്‍ നിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ പണപ്പെരുപ്പനിരക്ക് 4-5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ ലക്ഷ്യം വെക്കണമെന്ന് യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാല ഇക്കണോമിക്‌സ് വിഭാഗം പ്രൊഫസര്‍ കെന്നത്ത് റോഗോഫ് നിര്‍ദേശിച്ചത്.
വികസിത രാജ്യങ്ങളിലെ വിദഗ്ദ്ധര്‍ പണപ്പെരുപ്പനിരക്ക് നാല് ശതമാനത്തില്‍ താഴരുതെന്നാണ് പറയുന്നത്. രണ്ട് ശതമാനത്തിലേക്ക് പണപ്പെരുപ്പനിരക്ക് എത്തിക്കുന്നത് അബദ്ധമായിരിക്കുമെന്നും കെന്നത്ത് ചൂണ്ടിക്കാട്ടി.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറഞ്ഞ പണപ്പെരുപ്പനിരക്കില്‍ തുടര്‍ന്ന പാശ്ചാത്യ സമ്പദ്ഘടനകളില്‍ കുറഞ്ഞ വളര്‍ച്ചയാണ് നിരീക്ഷിക്കപ്പെട്ടത്.
പല രാജ്യങ്ങളും സാമ്പത്തിക രംഗത്തെ തിരുത്തല്‍ പണപ്പെരുപ്പനിരക്കില്‍ നിന്നാണ് ആരംഭിക്കുക. പക്ഷേ ഒരിക്കലും മൂന്ന് ശതമാനത്തോളെ താഴ്ന്ന നിരക്ക് ലക്ഷ്യംവെക്കുമെന്നാണ് കെന്നത്ത് പറയുന്നത്.
പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ തിരക്കു കാണിക്കരുത്, പണപ്പെരുപ്പം പ്രവചനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിധേയമാക്കുക എന്നതാണ് പ്രധാനം. സുസ്ഥിരമായ പണപ്പെരുപ്പ നിരക്കിനോട് ജനങ്ങള്‍ക്കും ഇഴുകിച്ചേരാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.