ജെഎന്‍യു വിഷയത്തില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുഖംമൂടി ധാരികള്‍ നടത്തിയ അതിക്രൂരമായ ആക്രമണത്തില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം. യൂണിവേഴ്സിറ്റി അടച്ചിടുകയല്ല, സ്ഥിതി ശാന്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.പോലീസ് കേസും വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അച്ചടക്ക നടപടിയും ധൃതിപിടിച്ച് വേണ്ടെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

സര്‍വകലാശാല അധികൃതര്‍ വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും മന്ത്രാലയം കുറ്റപ്പെടുത്തി. തിങ്കളാഴ്ച സര്‍വകലാശാല പ്രതിനിധികളും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ സര്‍വ്വകലാശാലയിലുണ്ടായ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തില്‍ വെച്ചാണ് മന്ത്രാലയത്തിന്റെ നിലപാട് അറിയിച്ചത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ, പ്രോ-വൈസ് ചാന്‍സലര്‍ ചിന്താമണി മഹാപത്ര, രജിസ്ട്രാര്‍ പ്രമോദ് കുമാര്‍, റെക്ടര്‍ റാണ പ്രതാപ് സിംഗ്, പ്രോക്ടര്‍ ധനഞ്ജയ് സിംഗ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ആയുധങ്ങളുമായി മുഖംമൂടി ധരിച്ച യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ഉള്‍പ്പെടെ 34ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Top