മാസ്‌ക് ധരിച്ചില്ലെങ്കില്‍ വിമാനത്തില്‍നിന്ന് ഇറക്കിവിടാം; പുതിയ സര്‍ക്കുലര്‍

ന്യൂഡല്‍ഹി: കൃത്യമായി മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കിവിടാമെന്ന പുതിയ സര്‍ക്കുലര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തിറക്കി. തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്കു ശേഷവും കൃത്യമായി മാസ്‌ക് ധരിക്കാത്തവരെ വിമാനത്തില്‍നിന്ന് ഇറക്കിവിടാമെന്നും അല്ലെങ്കില്‍ പുറപ്പെടലിന് മുന്‍പോ യാത്രക്കാരെ ഒഴിവാക്കാം.

യാത്രയ്ക്കിടെ ആരെങ്കിലും കോവിഡ് 19 പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന് വിസമ്മതിച്ചാല്‍ അവരെ മോശം പെരുമാറ്റമുള്ള യാത്രക്കാരുടെ പട്ടികയില്‍ പെടുത്താം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിയമനടപടി എടുക്കാമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു.

മാസ്‌ക് ധരിക്കാത്ത യാത്രികരെ വിമാനത്തില്‍നിന്ന് ഇറക്കിവിടാമെന്ന് ഡിജിസിഎയ്ക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുന്നതിനിടെ ഒട്ടേറെ യാത്രികര്‍ കൃത്യമായി മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയില്‍പെട്ടിരുന്നുവെന്ന് ജസ്റ്റിസ് സി.ഹരിശങ്കര്‍ പറഞ്ഞു.

 

Top