ദോക് ലാം ചൈനയുടേത് ; വാദം തള്ളി കളഞ്ഞ്‌ ഭൂട്ടാന്‍ രംഗത്ത്

ന്യൂഡല്‍ഹി: ദോക് ലാം ചൈനയുടേതെന്ന വാദം തള്ളി ഭൂട്ടാന്‍ രംഗത്ത്.

ദോക് ലാമിന്റെ പേരില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഭൂട്ടാന്റെ വരവ്.

സിക്കിം മേഖലയിലെ ദോക് ലാം തങ്ങളുടെ ഭാഗമല്ലെന്ന് ഭൂട്ടാന്‍ വ്യക്തമാക്കിയതായി ചൈനീസ് വിദേശ കാര്യമന്ത്രാലയം അവകാശപ്പെട്ടിരുന്നു.

ചൈനയുടെ ഈ വാദമാണ് ഭൂട്ടാന്‍ തള്ളിയത്.

ദോക് ലാമിന്റെ പേരിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ തങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ജൂണ്‍ 29 ന് വിദേശകാര്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും ഭൂട്ടാന്‍ അറിയിച്ചു.

ദോക് ലാം ചൈനയുടെ ഭാഗമാണെന്ന് ഭൂട്ടാന്‍ അറിയിച്ചതായി ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥ വാങ് വെന്‍ലി കഴിഞ്ഞദിവസം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക സംഘത്തോട് പറഞ്ഞിരുന്നു.

അവകാശവാദം ഉന്നയിച്ചതല്ലാതെ അതിനെ സാധൂകരിക്കുന്ന ഒരു രേഖയോ ഭൂട്ടാന്റെ അറിയിപ്പോ ഹാജരാക്കാന്‍ വാങ് വെന്‍ലിക്ക് കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ജൂണ്‍ 16ന് ചൈന, ദോക് ലാം മേഖലയില്‍ റോഡു നിര്‍മാണം തുടങ്ങിയതു മുതലാണ് ഇന്ത്യ- ചൈന പ്രശ്‌നങ്ങളുടെ ആരംഭം.

ഇന്ത്യ അന്യായമായി തങ്ങളുടെ മേഖലയില്‍ കടന്നു കൂടിയതെന്നാണ് ചൈനയുടെ വാദം.

400 പേരടങ്ങുന്ന ഒരു ട്രൂപ്പ് സൈന്യത്തെയാണ് ഇവിടെ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല.

Top