വാഷിങ്ടണ്‍: കാമുകിക്ക് ചായയില്‍ ഗര്‍ഭഛിദ്ര ഗുളിക പൊടിച്ച് നല്‍കി ഗര്‍ഭം അലസിപ്പിച്ച ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. വാഷിങ്ടണിലെ മെഡ്‌സ്റ്റാര്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഡോക്ടറായിരുന്ന സിക്കന്ദര്‍ ഇമ്രാനെയാണ് കോടതി ശിക്ഷിച്ചത്.
അനധികൃതമായുള്ള ഗര്‍ഭഛിദ്രവും ഭ്രൂണഹത്യയുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. കാമുകിയായ ബ്രൂക്ക് ഫിസ്‌ക് ഇവരുടെ ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് വിധി.
ന്യൂയോര്‍ക്കില്‍ താമസമായ ഇവര്‍ മൂന്നു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നതും. ഇതിനിടെ ബ്രൂക്ക് ഗര്‍ഭം ധരിച്ചു. എന്നാല്‍ ഇമ്രാന് കുഞ്ഞിനെ വേണ്ടായിരുന്നു. തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിനായി ബ്രൂക്കിനെ നിര്‍ബന്ധിച്ചു. എന്നാല്‍ ബ്രൂക്ക് അതിനു തയ്യാറായില്ല. ഇതിനിടയില്‍ വാഷിങ്ടണിലേക്ക് ജോലി മാറ്റം കിട്ടിപ്പോയ ഇമ്രാനെ കഴിഞ്ഞ വര്‍ഷം ബ്രൂക്ക് കാണാന്‍ ചെന്നിരുന്നു. അവിടെ വെച്ചാണ് ചായയില്‍ ഗര്‍ഭനിരോധന ഗുളിക കലക്കി നല്‍കിയത്.
‘കുടിച്ച ചായയുടെ അവസാനമെത്തിയപ്പോഴാണ് താന്‍ ഗുളികയുടെ അവശിഷ്ടം കണ്ടത്. അധിക മണിക്കൂറുകള്‍ കഴിയും മുമ്പേ ഗര്‍ഭം അലസിപ്പോകുകയായിരുന്നു’. ബ്രൂക്ക് പറയുന്നു. 17 ആഴ്ച ഗര്‍ഭിണിയായിരുന്നു ബ്രൂക്ക് അപ്പോള്‍.