ഗുജറാത്തിലെ ആശുപത്രിയില്‍ മതാടിസ്ഥാനത്തില്‍ വാര്‍ഡുകളാക്കി ചികിത്സ; പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

ലക്നൗ: ഗുജറാത്തിലെ ആശുപത്രിയില്‍ കൊവിഡ് രോഗികളെ മതാടിസ്ഥാനത്തില്‍ പ്രത്യേക വാര്‍ഡുകളിലാക്കി ചികിത്സ നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നവരാണ് രാജ്യത്തിന്റെ അതിനികൃഷ്ടമായ ശത്രുവെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലാക്കിയ അഹമ്മദാബാദ് സിവില്‍ ആശുപത്രിയുടെ നടപടിയാണ് വിവാദത്തിലായത്. സാധാരണ സ്ത്രീക്കള്‍ക്കും പുരുഷന്മാര്‍ക്കും എന്ന രീതിയിലാണ് പ്രത്യേക വാര്‍ഡുകള്‍ നല്‍കാറുള്ളത്. എന്നാല്‍, ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിച്ച് പ്രത്യേക വാര്‍ഡ് നല്‍കിയത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍,ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ നിതിന്‍ പട്ടേല്‍ ഇങ്ങനെ ഒരു വേര്‍തിരിവ് സംബന്ധിച്ച് യാതൊരു അറിവുമില്ലെന്നാണ് പ്രതികരിച്ചത്.വിഷയത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിട്ടില്ലെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, ഒരു പ്രത്യേക ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഡല്‍ഹിയില്‍ നടന്ന ഒരു മതചടങ്ങില്‍ പങ്കെടുത്തതാണ് രോഗം പടരാന്‍ കാരണമായതെന്നുമുള്ള അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വേര്‍തിരിവ് കൊണ്ടു വന്നതെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

Top