കുഞ്ഞുങ്ങളുടെ ശ്വാസം നിലനിര്‍ത്താന്‍ പാഞ്ഞ് നടന്ന ഗൊരഖ്പൂരിലെ ഡോക്ടര്‍

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ അടിയന്തിരമായി ഇടപെട്ട് ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ച ഒരു ഡോക്ടര്‍ ബിഡിആര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്.

എന്‍സെഫാലിറ്റിസ് വാര്‍ഡിന്റെ തലവനും ശിശുരോഗ വിദഗ്ധനുമായ ഡോ കഫീല്‍ ഖാന്റെ മനസാന്നിധ്യം അന്ന് നിരവധി കുഞ്ഞുങ്ങളുടെ ജീവനാണ് പൊതിഞ്ഞുപിടിച്ചത്. നിര്‍ണായക നിമിഷങ്ങളില്‍ കഫീല്‍ ഖാന്റെ ഇടപെടലുണ്ടായില്ലായിരുന്നെങ്കില്‍ മരണസംഖ്യ ഇതിലുമേറെയാകുമായിരുന്നുവെന്നാണ് കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ പറയുന്നത്. ആശുപത്രി അധികൃതര്‍ക്കോ ഭരണവര്‍ഗത്തിനോ തോന്നാത്ത ദയയാണ് കഫീല്‍ ഖാന്‍ കാണിച്ചതെന്നും അവര്‍ ഒന്നടങ്കം പറയുന്നു.

ആഗസ്റ്റ് പത്തിന് ആശുപത്രിയിലെ ഓക്‌സിജന്‍ പൈപ്പില്‍ നിന്ന് അപായ മണി മുഴങ്ങിയപ്പോള്‍ തന്നെ വരാനിരിക്കുന്ന വന്‍ ദുരന്തത്തെക്കുറിച്ച് കഫീല്‍ ഖാന്‍ തിരിച്ചറിഞ്ഞിരുന്നു. പകച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് മുമ്പില്‍ സമയമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ അദ്ദേഹം ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിയെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ കുടിശിക നല്‍കാതെ വിതരണം പുനസ്ഥാക്കില്ലെന്ന പിടിവാശിയില്‍ ഏജന്‍സി ഉറച്ചുനിന്നു. ഇതോടെ മറ്റു ഡോക്ടര്‍മാര്‍ ഭയപ്പാടിലായി.

എന്നാല്‍ പ്രതീക്ഷ കൈവിടാന്‍ കഫീല്‍ ഖാന്‍ ഒരുക്കമായിരുന്നില്ല. രണ്ടു ജീവനക്കാരെയും ഒപ്പം വിളിച്ച് അദ്ദേഹം കാറുമായി തന്റെ സുഹൃത്തിന്റെ സ്വകാര്യ നഴ്‌സിങ് ഹോമിലേക്ക് പറന്നു. മൂന്നു ഓക്‌സിജന്‍ സിലിണ്ടറുമായാണ് അദ്ദേഹം ബിഡിആര്‍ ആശുപത്രിയിലേക്ക് തിരിച്ചെത്തിയത്. ഓക്‌സിജന്‍ കഴിഞ്ഞാല്‍ ആംബു ബാഗുകള്‍ പമ്പ് ചെയ്തു കൊണ്ടിരിക്കണമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ ശേഷമായിരുന്ന അദ്ദേഹം ആശുപത്രിയില്‍ നിന്ന് പോയത്.

കഫീല്‍ ഖാന്‍ കടംവാങ്ങിക്കൊണ്ടുവന്ന മൂന്നു സിലിണ്ടറുകള്‍ക്കും അരമണിക്കൂറിലേറെ ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ ശേഷിയില്ലായിരുന്നു. അപ്പോഴേക്കും സമയം പുലര്‍ച്ച ആറു മണി. ഓക്‌സിജന്‍ കുറവായതോടെ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ അസ്വസ്ഥ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ഇതോടെ അദ്ദേഹം വീണ്ടും ആശുപത്രിയില്‍ നിന്ന് പരിചയമുള്ള മറ്റു നഴ്‌സിങ് ഹോമില്‍ നിന്നും 12 ഓക്‌സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടുവന്നു. നാലു തവണയായാണ് അദ്ദേഹം ഈ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ചത്.

അപ്പോഴേക്കും പ്രാദേശിക വിതരണക്കാരനില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിലയ്ക്ക് വാങ്ങി ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും നില മെച്ചപ്പെട്ടിരുന്നു. മനസാന്നിധ്യം വെടിയാതെ തക്കസമയത്ത് കാരുണ്യത്തിന്റെ പ്രതിരൂപമായി മാറാന്‍ കഫീല്‍ ഖാന് കഴിഞ്ഞപ്പോള്‍ രക്ഷപെട്ടത് നിരവധി ജീവനുകളായിരുന്നു.

Top