കൊല്ലം: യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ പ്രതി റുവൈസുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. ഇന്നലെ റുവൈസിന്റെ കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. ഷഹന താമസിച്ച സിറ്റി പ്ലാസ ഫ്‌ലാറ്റിലും റുവൈസ് താമസിച്ച ഹോസ്റ്റലിലുമാണ് ഇനി തെളിവെടുപ്പ് നടത്താനുള്ളത്.
സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനി ഡോ. ഷഹന ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോ. ഷഹനയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമ വകുപ്പും ചേര്‍ത്താണ് ഡോക്ടര്‍ റുവൈസിനെ അറസ്റ്റ് ചെയ്തത്. ഈ മാസം 21വരെയാണ് റുവൈസിന്റെ റിമാന്‍ഡ് കാലാവധി.ഷഹനയെ സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടതാണ് ഷഹനയുടെ മരണത്തിന് ഇടയാക്കിയത്. പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് അഡീഷണല്‍ സിജെഎം കോടതി റുവൈസിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അതേ സമയം പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ വൈകാതെ പോലീസ് ശേഖരിക്കും. കേസില്‍ പ്രതി ചേര്‍ത്ത റുവൈസിന്റെ പിതാവിനെ പോലീസ് പിടികൂടിയിട്ടില്ല.