തിരുവനന്തപുരം: ആലപ്പുഴ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടേഴ്‌സ് ഒപി ബഹിഷ്‌കരിക്കും. സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്‌പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കാനാണ് തീരുമാനം.
കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ഇന്ന് ഒ പി ബഹിഷ്‌കരിച്ചുള്ള പ്രതിഷേധമാണ് നടത്തുന്നത്. സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കെ.ജി.എം.ഒ.എ സമരപ്രഖ്യാപനത്തില്‍ പറഞ്ഞു.
സ്‌പെഷ്യാലിറ്റി ഒ പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കാനാണ് കെ ഡി എം ഒ എ തീരുമാനം. രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐ പി ചികിത്സ, കൊവിഡ് ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് മുടക്കമുണ്ടാവില്ല.