തിരുവനന്തപുരം : രാജ്യവ്യാപകമായി നടക്കുന്ന അലോപ്പതി ഡോക്ടര്‍മാരുടെ സമരത്തില്‍ വലയുകയാണ് സംസ്ഥാനത്തെ രോഗികളും. രാവിലെ മുതല്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാൽ അവശരായ രോഗികള്‍ പോലും മടങ്ങിപ്പോകേണ്ട സാഹചര്യമാണ് സംസ്ഥാനത്തെ പല സര്‍ക്കാര്‍ ആശുപത്രികളിലും ഉണ്ടായിരിക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന ഉത്തരവില്‍ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി അലോപ്പതി ഡോക്ടര്‍ സമരം നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് സമരം.
ഒ.പി. ബഹിഷ്‌കരിച്ചാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. അത്യാഹിത വിഭാഗത്തിലെത്തുന്ന ചുരുക്കം ചില രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നുണ്ട്. അതേസമയം ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലുമെത്തുന്ന മറ്റു ജില്ലകളില്‍ നിന്നുള്ള രോഗികള്‍ക്കടക്കം മടങ്ങിപ്പോകേണ്ട സാഹചര്യമാണുണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര രോഗങ്ങളുമായി എത്തുന്നവരെ ചികിത്സിക്കുമെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. ഐസിയു, അത്യാഹിത വിഭാഗങ്ങള്‍, കോവിഡ് വിഭാഗം എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളൊന്നും നടത്തില്ലെന്ന് നേരത്തെ ഐഎംഎ അറിയിച്ചിരുന്നു. ലേബര്‍ റൂം, അടിയന്തരശസ്ത്രക്രിയകള്‍, ഇന്‍പേഷ്യന്റ് കെയര്‍, ഐ.സി.യു. കെയര്‍ എന്നിവയില്‍ ഡോക്ടര്‍മാരുടെ സേവനമുണ്ടാകും. സമരത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകളായ കെ.ജി.എം.സി.ടി.എ., കെ.ജി.എം.ഒ. എ., കെ.ജി.എസ്.ഡി.എ., കെ. ജി.ഐ.എം.ഒ.എ., കെ.പി.എം.സി.ടി.എ. തുടങ്ങിയ സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്.