ഡോക്ടര്‍മാരുടെ സമരം ; കെ ജി എം ഒ എ നേതാക്കള്‍ക്ക് സ്ഥലമാറ്റം

doctors strike

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടാനുറച്ച് സര്‍ക്കാര്‍. കെ ജി എം ഒ എ നേതാക്കള്‍ക്ക് സ്ഥലമാറ്റം. കെ ജി എം ഒ എ പ്രസിഡന്റ് ഡോ റൗഫ് സെക്രട്ടറി ഡോ ജിതേഷ് എന്നിവരെയാണ് സ്ഥലംമാറ്റിയത്.

ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയായിരുന്നു. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ചയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ല. നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ല. ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും തല്‍ക്കാലം എസ്മ പ്രയോഗിക്കേണ്ടെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

അതേസമയം രോഗികളെ വലച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാംദിനത്തിലേക്ക് കടന്നിരിക്കുകയാണ്. സ്‌പെഷ്യാലിറ്റി ഒപികള്‍ പൂര്‍ണമായും മുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്. കരാര്‍ ഡോക്ടര്‍മാരേയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും നിയോഗിച്ചുള്ള ജനറല്‍ ഒപികള്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

Top