മൂവാറ്റുപുഴ: കുറിച്ചു നല്‍കിയ മരുന്നിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനായി കഴിച്ചു നോക്കിയതിനെ തുടര്‍ന്ന് ഒന്‍പതു വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. പായിപ്ര കണ്ടരിമലയില്‍ ഡോ. പി.എ.ബൈജു (38) ആണ് മരിച്ചത്.
സൈബന്‍വാലി ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറായിരിക്കെ 2007 ജനുവരി 24-നാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ സൈബന്‍വാലി സ്വദേശി ശാന്തയ്ക്കാണ് മരുന്നു നല്‍കിയത്. എന്നാല്‍, വീട്ടിലെത്തി മരുന്നു കഴിച്ചശേഷം ശാന്തയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ മരുന്നുമായി ആശുപത്രിയിലെത്തി ഡോക്ടറോട് വിവരം അറിയിച്ചു.
എന്നാല്‍, താന്‍ നല്‍കിയ മരുന്നിന് യാതൊരു കുഴപ്പവുമില്ലെന്ന് അറിയിച്ച ഡോക്ടര്‍ മരുന്നു കഴിച്ചുനോക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതോടെ അബോധാവസ്ഥയിലായ ഡോക്ടറെ ഉടന്‍ അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സിച്ചെങ്കിലും അബോധാവസ്ഥയില്‍ തുടരുകയായിരുന്നു.
അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഡോ. ബൈജുവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ശാന്തയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഡോക്ടര്‍ ബൈജു സംസാരിക്കാത്തതിനാല്‍ എന്താണെന്ന് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാല്‍, ശാന്ത യാതൊരു കുഴപ്പവുമില്ലാതെ രക്ഷപ്പെടുകയും ചെയ്തു. ഭാര്യ: ഡോ. ഷിന്‍സി (തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ ആശുപത്രി) മക്കള്‍: വൈഷ്ണവ്, വിഷ്ണു.