മോദിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് കോണ്‍ഗ്രസുകാരെ കൊല്ലുമെന്നാണോ; ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. പ്രസ്താവന ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പ്രസ്താവനയെ ബിജെപി വളച്ചൊടിക്കുകയാണ്. എന്താണ് സനാതന ഒന്നും മാറ്റേണ്ടതില്ല, എല്ലാം ശാശ്വതമാണ് എന്നാണ് അതിനര്‍ത്ഥം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ അതിനര്‍ത്ഥം കോണ്‍ഗ്രസുകാരെ കൊല്ലണമെന്നാണോ എന്നും അദ്ദേഹം ചോദിച്ചു.

നുണകള്‍ പ്രചരിപ്പിക്കുക എന്നത് ബിജെപിയുടെ പതിവു ജോലിയാണ്. ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണ്. ബിജെപിക്ക് ഇന്ത്യാ സഖ്യത്തെ പേടിയാണ്, ജനശ്രദ്ധ തിരിക്കാനാണ് ഇതെല്ലാം പറയുന്നത്. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്‍മ്മത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്.

സനാതനം എന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നുള്ളതാണെന്നും അത് സാമൂഹ്യ നീതിക്കും തുല്യതയ്ക്കും എതിരാണെന്നും ഉദയനിധി പറഞ്ഞു. ഈ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. അതേസമയം മകന്‍ ഉദയനിധിയെ ന്യായീകരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്തുവന്നിരുന്നു. വീഴ്ചകള്‍ മറച്ചു വെക്കാന്‍ ബിജെപി മതത്തെ ആയുധമാക്കുന്നു എന്നാണ് സ്റ്റാലിന്റെ ആരോപണം. ബിജെപി ജനങ്ങളുടെ മതവികാരത്തെ ആളിക്കത്തിച്ച് തീ കായാന്‍ ശ്രമിക്കുകയാണ്. ബിജെപി ഇന്ത്യയുടെ ഐക്യം തകര്‍ക്കാനും ഘടന നശിപ്പിക്കാനും ശ്രമിക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിക്കുന്നു.

Top