സുരക്ഷയുടെ പേരിൽ പൊതുജനങ്ങളുടെ വഴിയിൽ തടയില്ല; ഡി.ജി.പി

തിരുവനന്തപുരം: സുരക്ഷയുടെ പേരിൽ പൊതുജനങ്ങളെ ദീർഘനേരം വഴിയിൽ തടയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. കറുത്ത മാസ്‌ക്കും വസ്ത്രവും ധരിക്കുന്നവരെയും സുരക്ഷയുടെ പേരില്‍ തടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു സംബന്ധിച്ച് നേരത്തേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം, മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐ.ജി, റേഞ്ച് ഡി.ഐ.ജി, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശവും നല്‍കി.

ഇതിനിടെ സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം പ്രതിപക്ഷത്തിന്റേതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സർക്കാർ എടുക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്.

Top