ജോലി തരുന്നില്ല; എല്ലാവരും ഭ്രാന്താണെന്ന് കരുതുന്നുവെന്ന പരാതിയുമായി ‘ബ്ലാക്ക് ഏലിയന്‍’

പാരിസ്: ആളുകള്‍ തന്നെ മാറ്റിനിര്‍ത്തുകയാണെന്നും ആരും ജോലി തരുന്നില്ലെന്നുമെന്ന പരാതിയുമായി ദേഹം മുഴുവന്‍ ടാറ്റൂ ചെയ്ത ഫ്രാന്‍സിലെ യുവാവ്. തന്നെ ഒരു സാധാരണ മനുഷ്യനായി കാണണമെന്ന അഭ്യര്‍ഥനയുമായാണ് ആന്‍റണി ലോഫ്രെഡോ എന്ന യുവാവ് എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ബ്ലാക്ക് ഏലിയന്‍ എന്ന പേരിലാണ് ഈ 34കാരന്‍ അറിയപ്പെടുന്നത്.

തല മുതല്‍ കാല്‍പ്പാദം വരെ ടാറ്റൂ ചെയ്തിരിക്കുകയാണ് ലോഫ്രെഡോ. ചെവിയും രണ്ട് വിരലുകളും ലോഫ്രെഡോ മുറിച്ചുമാറ്റിയത് അടുത്ത കാലത്താണ്. നാക്കിന്റെ അറ്റം പിളർന്ന് വരെ ടാറ്റൂ ചെയ്തിട്ടുണ്ട്. കണ്ണിലെ കൃഷ്ണമണിയിലും ടാറ്റൂ ചെയ്തു. ഒന്നര മില്യൺ ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ ലോഫ്രെഡോയ്ക്ക് ഉള്ളത്.

തന്‍റെ ശരീരത്തില്‍ വരുത്തുന്ന ഓരോ മാറ്റങ്ങള്‍ ‘ബ്ലാക്ക് ഏലിയന്‍’ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ലോഫ്രെഡോ ഇതൊരു പ്രോജക്റ്റ് ആയിട്ടാണ് കണക്കാക്കുന്നത്. തന്‍റെ രൂപം കാരണം ധാരാളം നെഗറ്റീവ് പ്രതികരണങ്ങൾ ലഭിക്കുന്നുണ്ടെന്ന് ലോഫ്രെഡോ സമ്മതിച്ചു- “എന്നെ കാണുമ്പോൾ ആർത്തുവിളിക്കുകയും ഓടുകയും ചെയ്യുന്നവരുണ്ട്. ഞാനും മനുഷ്യനാണ്, പക്ഷേ ആളുകൾ ഞാന്‍ ഭ്രാന്തനാണെന്ന് കരുതുന്നു. എനിക്ക് ജോലി പോലും കിട്ടുന്നില്ല”.

തന്‍റെ രൂപം ആളുകളെ ഭയപ്പെടുത്തുന്നുണ്ടാവാമെന്ന് ലോഫ്രെഡോ പറഞ്ഞു- “എല്ലാ ദിവസവും പോരാട്ടമാണ്. എന്നെ മനസ്സിലാക്കാത്ത, വിധിക്കാൻ ആഗ്രഹിക്കുന്ന പുതിയ ആളുകളെ ദിവസവും കണ്ടുമുട്ടുന്നു. ഇത് ജീവിതമാണ്. എല്ലാവർക്കും എല്ലാം മനസ്സിലാകില്ല”.

Top