മലപ്പുറം: നിലമ്പൂരിൽ നിരീക്ഷണത്തിലിരിക്കെ ഇന്നലെ ചത്ത നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് രോഗം സ്ഥിരീകരിച്ചത്. നിരധി ആളുകളേയും മൃഗങ്ങളേയും കടിച്ചിരുന്നു ഈ തെരുവ് നായ. 16 പേരെ നായ കടിച്ചു പരിക്കേൽപ്പിച്ചിരുന്നതായാണ് വിവരം. ഇആര്‍എഫ് ടീം കഴിഞ്ഞ ദിവസം പിടികൂടിയ നായ മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തിലായിരിക്കെ ഇന്നലെ ഉച്ചയോടെയാണ് ചത്തത്.
നായ ചത്തതോടെ പേ വിഷബാധയുണ്ടെന്ന സംശയം ബലപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ പേ വിഷബാധ സ്ഥിരീകരിക്കാനാകൂയെന്ന് വെറ്റിറിനറി സര്‍ജന്‍ ഡോ ഷൗക്കത്തലി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായകളെയും ഈ നായ കടിച്ചിരുന്നുവെന്ന് സംശയമുണ്ട്. ഒരു ദിവസത്തെ പരിശ്രമത്തിനൊടുവില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് നായയെ ഇആര്‍എഫ് ടീം പിടികൂടി കൂട്ടിലാക്കിയത്.
തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് നായ ചത്തത്. മൃഗാശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന നായയുടെ മൃതശരീരം ഇ ആര്‍ എഫ് ടീമിന്റെ സഹായത്തോടെ പോസ്റ്റുമോട്ടത്തിനായി തൃശൂര്‍ മണ്ണുത്തി കോളജ് ഓഫ് വെറ്റിറിനറി ആന്റ് ആനിമല്‍ സയന്‍സിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
അതേസമയം നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, മത്സ്യ മാംസ മാര്‍ക്കറ്റുകള്‍, ജില്ലാ ആശുപത്രി പരിസരം, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്.