ചെന്നൈ : കെട്ടിടത്തിന് മുകളില്‍ നിന്നും നായക്കുട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ഗൗതമിനെ പോലീസ് അറസ്റ്റ് ചെയ്തു. നായയോടുള്ള ക്രൂരതയ്‌ക്കെതിരെ മ്യഗസ്‌നേഹികള്‍ രംഗത്ത് വന്നതോടെയാണ് അറസ്റ്റ് നടന്നത്.
ഗൗതം ചെന്നൈ മാതാ മെഡിക്കല്‍ കോളെജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് .ഗൗതവും സുഹൃത്തും ചേര്‍ന്ന് നേരമ്പോക്കിന് വേണ്ടി നായക്കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്തെറിഞ്ഞത്. അത് വീഡിയോ എടുക്കയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി.
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തള്ളിയിട്ട നായയെ പരിക്കുകളോടെ കണ്ടെത്തി. നായയുടെ കാലിനും നടുവിനും കാര്യമായി ക്ഷതമേറ്റിട്ടുണ്ട്.
ബഹുനിലക്കെട്ടിടത്തിന് മുകളില്‍ നിന്ന് നായക്കുട്ടിയെ യുവാവ് എടുത്തെറിയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. വീഡിയോ എടുക്കുന്നതിന് വേണ്ടി മനപ്പൂര്‍വ്വം നായയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന നായക്കുട്ടി വേദന കൊണ്ട് പുളഞ്ഞ് കരയുന്നതും വീഡിയോയിലുണ്ട്.