നൈജീരിയ : വിവാഹ വിരുന്നു സല്‍ക്കാരത്തില്‍ ബോംബുമായെത്തിയ ചാവേര്‍ പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്തി നായ ജീവന്‍ വെടിഞ്ഞു.
വടക്കന്‍ നൈജീരിയയിലെ ബെല്‍ബെലോ ഗ്രാമത്തിലാണ് വിവാഹ സല്‍ക്കാര ചടങ്ങിനിടെ ചാവേറായി എത്തിയ പെണ്‍കുട്ടിയെ നായ കീഴ്‌പ്പെടുത്തിയത്. പെണ്‍കുട്ടിയെ നായ കടന്നാക്രമിക്കുകയും കീഴടക്കുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
വിവാഹത്തിനെത്തിയ ഒരു അതിഥിയുടെ നായയാണ് നിരവധി പേരുടെ ജീവന്‍ രക്ഷിച്ചത്. ബോക്കോഹറം ഭീകര ഗ്രൂപ്പില്‍പെട്ട പെണ്‍കുട്ടിയാണ് ചാവേറായി എത്തിയതെന്ന് പൊലീസ് വക്താവ് വിക്ടര്‍ ഇസുസു പറഞ്ഞു.
നിരവധിയാളുകളുടെ ജീവന്‍ രക്ഷിച്ച് ചാവേര്‍ ബോംബിനൊപ്പം കത്തിയമര്‍ന്ന നായയുടെ യജമാനസ്‌നേഹം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്.
ഭീകരവാദ അക്രമം നടക്കുന്ന വടക്കന്‍ നൈജീരിയയില്‍ തീവ്രവാദ ഗ്രൂപ്പ് പെണ്‍കുട്ടികളെ ചാവേറുകളായി ഉപയോഗിക്കുന്നത് വ്യാപകമാണ്. തീവ്രവാദ ഗ്രൂപ്പുകള്‍ ഏഴും എട്ടും വയസുള്ള പെണ്‍കുട്ടികളെ ചാവേര്‍ ബോംബുകളായി ഉപയോഗിച്ചാണ് കൂടുതല്‍ ആക്രമണങ്ങളും നടത്തുന്നത്.