നായകളെ ദത്തെടുക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കൊറിയയില്‍ പ്രചരണം ശക്തമാവുന്നു

സോള്‍ : പട്ടികളെ ദത്തെടുക്കുകയും സംരക്ഷിക്കുകും ചെയ്യുന്ന പരിപാടിയുടെ പ്രചരണത്തിന് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ തുടക്കമായി. പട്ടികളെ തിന്നരുതെന്ന സന്ദേശവുമായാണ് പ്രചരണം നടത്തുന്നത്. പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ പട്ടിയായ ടോറിയാണ് പ്രചരണത്തിന്റെ ഔദ്യോഗിക മുഖം. മൃഗസംരക്ഷണ സംഘടനയായ കെയറിന്റെ നേതൃത്വത്തിലുള്ള പ്രചരണം ആരംഭിച്ചത്.

കൊറിയന്‍ കലണ്ടര്‍ പ്രകാരം ഈ വര്‍ഷത്തെ കൂടിയ ചൂട് രേഖപ്പെടുത്തിയ ദിവസമാണ് പ്രചരണം ആരംഭിച്ചത്. വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ പട്ടിയിറച്ചിയുടെ സൂപ്പ് സഹായിക്കുമെന്നാണ് വിശ്വാസം. അത് കൊണ്ടാണ് പ്രചരണപരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ ദിനം തന്നെ തെരഞ്ഞെടുത്തത്. ദക്ഷിണകൊറിയയുടെ പലഭാഗത്തും പട്ടിയിറച്ചിയുടെ സൂപ്പ് പ്രധാന വിഭവമാണ്.

പ്രസിഡന്റ് കഴിഞ്ഞ വര്‍ഷം രക്ഷപ്പെടുത്തുകയും ദത്തെടുക്കുകയും ചെയ്തതാണ് ടോറി എന്ന പട്ടിയെ. അലഞ്ഞു തിരിയുന്ന മൃഗങ്ങളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ അവക്ക് ഉടമസ്ഥാവകാശം നല്‍കി വളര്‍ത്തുമൃഗങ്ങളാക്കി മാറ്റുന്നതിനുള്ള ബോധവത്കരണത്തിനായി തുടങ്ങിയ ക്യാമ്പയിനില്‍ ആണ് ടോറിയെ ദത്തെടുത്തത്.

മാരു എന്ന കൊറിയന്‍ പുന്‍സാങ് പട്ടിയും ജിങ്ജിങ് എന്ന പൂച്ചയും പ്രസിഡന്റിന്റെ വളര്‍ത്തുമൃഗങ്ങളാണ്. ടോറിയുമായി സാമ്യമുള്ള കളിപ്പാട്ടങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. ഞാന്‍ ഭക്ഷണമല്ലെന്ന സന്ദേശം എല്ലാ കളിപ്പാട്ടങ്ങളിലും പതിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ പട്ടിമാംസം ഉപയോഗിക്കുന്നവരില്‍ ഏറെയും മുതിര്‍ന്ന തലമുറയില്‍പ്പെട്ടവരാണ്.

Top