വിസ്മയമായി അല്‍ വഖ്‌റയിലെ റെഡ്‌ലൈനിലൂടെ ദോഹ മെട്രോയുടെ പരീക്ഷണഓട്ടം

ദോഹ:  അല്‍ വഖ്‌റയിലെ റെഡ്‌ലൈനിലൂടെ ദോഹ മെട്രോ പരീക്ഷണഓട്ടം നടത്തി.

അപ്രതീക്ഷിതമായാണ് മെട്രോയുടെ പരീക്ഷണഓട്ടം വഖ്‌റയിലൂടെ കടന്നുപോയത്.

അല്‍ വഖ്‌റയിലെ മെട്രോ സ്റ്റേഷനില്‍നിന്ന് ബര്‍വ വില്ലേജിന്റെ മുന്‍വശത്തുകൂടി റാസ് ബു ഫോണ്ടാസ് സ്റ്റേഷനിലൂടെ സാമ്പത്തികമേഖലാ സ്റ്റേഷന്‍ വരെയാണ് മെട്രോ സഞ്ചരിച്ചത്.

വ്യത്യസ്ത സമയങ്ങളിലായാണ് പരീക്ഷണഓട്ടം നടത്തിയത്.

അല്‍ വഖ്‌റയുടെ തെക്കുനിന്ന് ലുസൈലിന്റെ വടക്കുഭാഗം വരെ നീളുന്ന 40 കിലോമീറ്റര്‍ പാതയാണ് റെഡ്‌ലൈന്‍. മെട്രോയുടെ ഏറ്റവും നീളമേറിയ പാതയാണിത്.

കോസ്റ്റ് ലൈന്‍ എന്നറിയപ്പെടുന്ന റെഡ്‌ലൈന്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലൂടെ നഗര മധ്യം വരെ ബന്ധിപ്പിച്ചിട്ടുണ്ട്.

പതിനെട്ട് സ്റ്റേഷനാണ് റെഡ്‌ലൈനിലുള്ളത്. മെട്രോ യാത്രക്കാര്‍ക്ക് ലുസൈല്‍ ട്രാമിലേക്ക് സഞ്ചരിക്കാനായി ലെഗ്താഫിയയിലും മെട്രോക്ക് സ്റ്റേഷനുണ്ട്.

മണിക്കൂറില്‍ നൂറുകിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡ്രൈവര്‍രഹിത തീവണ്ടികളിലൊന്നാണിത്.

ഇത്തരം 75 തീവണ്ടികളാണ് ദോഹ മെട്രോയിലുള്ളത്. ഓരോ സ്റ്റേഷനുകളും തമ്മിലുള്ള ശരാശരി യാത്രാസമയം രണ്ടുമിനിറ്റുമാണ്.

ഓഗസ്റ്റ് മുതലാണ് ദോഹ മെട്രോക്കുള്ള തീവണ്ടികള്‍ എത്തിതുടങ്ങിയത്.

ഗോള്‍ഡ്, ഫാമിലി ക്ലാസ്, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ മൂന്ന് കമ്പാര്‍ട്ട്‌മെന്റുകളാണ് തീവണ്ടിയിലുള്ളത്.

ഗോള്‍ഡില്‍ 16, ഫാമിലിയില്‍ 26, സ്റ്റാന്‍ഡേര്‍ഡില്‍ 88 എന്നിങ്ങനെയാണ് സീറ്റുകള്‍.മെട്രോ സ്റ്റേഷനുകളിലൊന്ന് ഈ മാസം തുറക്കും.

Top