പലസ്തീന്‍ വിഷയം: ഇസ്രായേല്‍ നടത്തുന്ന നീക്കങ്ങള്‍ അറബ് രാജ്യങ്ങളുടെ പിന്തുണയോടെയെന്ന് ഖത്തര്‍ മുന്‍പ്രധാനമന്ത്രി

ദോഹ: പലസ്തീന്‍ വിഷയത്തില്‍ ഇസ്രായേല്‍ നടത്തുന്ന നീക്കങ്ങള്‍ പ്രമുഖ അറബ് രാജ്യങ്ങളുടെ പൂര്‍ണ പിന്തുണയോടെയെന്ന് ഖത്തര്‍ മുന്‍പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി. നേരത്തെ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഇക്കാര്യത്തില്‍ താന്‍ വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്താണ് ശൈഖ് ഹമദ് ബിന്‍ ജാസിം ആല്‍ഥാനി ഇക്കാര്യം വ്യക്തമാക്കിയത്.

നൂറ്റാണ്ടിന്റെ ഉടമ്പടിയെന്ന പേരില്‍ നടത്തുന്ന അധിനിവേശം പലസ്തീന്‍ മണ്ണിനെ പടിപടിയായി സ്വന്തമാക്കാനുള്ള പദ്ധതിയാണ്. ഇതിന് പിന്നില്‍ പ്രമുഖ അറബ് രാജ്യങ്ങളുണ്ട്. അവര്‍ക്ക് എന്ത് നേട്ടമാണ് അതിലൂടെ ലഭിക്കുന്നത് എന്ന് ഇപ്പോള്‍ താന്‍ പറയുന്നില്ലെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.

ദൈവത്തെ സാക്ഷി നിര്‍ത്തി ഞാന്‍ ചോദിക്കട്ടെ, എന്ത് പ്രതിഫലമാണ് നിങ്ങള്‍ ഈ കൊടുംക്രൂരതിലൂടെ പ്രതീക്ഷിക്കുന്നത് ഹമദ് ബിന്‍ ജാസിം ചോദിക്കുന്നു. വിശ്വാസികളുടെ പവിത്ര മണ്ണിന് നിങ്ങളിട്ടിരിക്കുന്ന വില എത്രയാണ്. എന്ത് ലഭിച്ചാലാണ് ആ മണ്ണിന് തുല്യമാവുക. സമാധാനപരമായ പരിഹാരം ഉണ്ടാകണമെങ്കില്‍ പലസ്തീന്‍ ജനതക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കണം. അവിടെ എന്ത് നടക്കുന്നതിനും അവരുടെ അനുമതി ഉണ്ടാകണം. അതിനപ്പുറം ഒരു സമാധാനം അവിടെ സാധ്യമല്ലെന്ന് ശെശഖ് ഹമദ് ബിന്‍ ജാസിം അഭിപ്രായപ്പെട്ടു.

അറബ് ലോകം ഇന്ന് ഇരുണ്ട ഗര്‍ത്തത്തില്‍ കുടുങ്ങിയത് പോലെയാണ്. ഈ ഒരു വിഷയത്തില്‍ മാത്രമല്ല, ആഭ്യന്തരവും അന്താരാഷ്ട്ര പരവുമായ വിഷയങ്ങളിലും അറബ് ലോകം ഇരുട്ടില്‍ തപ്പുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഉയര്‍ത്തുന്ന ഓരോ പ്രശ്‌നവും വന്‍ പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെടുന്നു. ഇവിടെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന അറബ് രാജ്യങ്ങള്‍ ഏതെന്ന് തനിക്ക് വെളിപ്പെടുത്താന്‍ മടിയൊന്നുമില്ല. എന്നാല്‍ ഇപ്പോള്‍ അത് ചെയ്യുന്നില്ലെന്നും മുന്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. അവര്‍ക്ക് ശരിയായ മാര്‍ഗ നിര്‍ദേശം ലഭിക്കുമെന്നാണ് താന്‍ ആശിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Top