ഖത്തര്‍ ജയിലില്‍ 196 ഇന്ത്യക്കാര്‍, നാടുകടത്തല്‍ കേന്ദ്രത്തില്‍ 82 ; വ്യക്തമാക്കി ഇന്ത്യന്‍ എംബസി

prison

ദോഹ: ഖത്തറില്‍ സെന്‍ട്രല്‍ ജയിലില്‍ 196 ഇന്ത്യക്കാരും, നാടുകടത്തല്‍ കേന്ദ്രത്തില്‍ 82 ഓളം പേരും ഉണ്ടെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൗസിലാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തില്‍, ജയിലിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലുമായി കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ തിരക്കുന്നതിന് എംബസിയില്‍ നിന്നുള്ള സംഘം ഇരുസ്ഥലങ്ങളും സന്ദര്‍ശിച്ചതായും എംബസി അധികൃതര്‍ വ്യക്തമാക്കി.

ജനുവരി മുതല്‍ ഡിസംബര്‍ വരെ നടത്തിയ പന്ത്രണ്ട് പ്രതിമാസ ഓപ്പണ്‍ ഹൗസുകളിലായി ലഭിച്ച 66 പരാതികളില്‍ 56 എണ്ണം പരിഹരിച്ചു കഴിഞ്ഞു. നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിനായി ഡിസംബറില്‍ 64 അടിയന്തര സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന 19 പേര്‍ക്ക് വിമാന ടിക്കറ്റും വിതരണം ചെയ്തു.

കൂടാതെ, ഇന്ത്യന്‍ എംബസിയുടെ അപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞ വരുമാനം ലഭിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മരുന്നുകളും ഭക്ഷണവും വിതരണം ചെയ്തിരുന്നു.

Top