എയര്‍ ഇന്ത്യക്ക് അനുമതി നിഷേധിച്ച സംഭവം; വിശദീകരണവുമായി ഖത്തര്‍

ദുബായ്: ദോഹ – തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍. ഒഴിപ്പിക്കല്‍ സ്വഭാവത്തിലുള്ള വിമാന സര്‍വീസാണ് എയര്‍ ഇന്ത്യയുടേതെന്നും അതിനാല്‍ സൗജന്യമായാണ് ആളുകളെ നാട്ടിലെത്തിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഖത്തറിനെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് വിപരീതമായി യാത്രക്കാരില്‍ നിന്ന് പണം വാങ്ങി എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നതാണ് ദോഹ-തിരുവനന്തപുരം വിമാനത്തിന് ഖത്തര്‍ അനുമതി നിഷേധിക്കാന്‍ കാരണം എന്നാണ് പുതിയ റിപ്പോര്‍ട്ട്.

സൗജന്യമായാണ് ആളുകളെ നാട്ടിലെത്തിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ തെറ്റിധരിപ്പിച്ചതിനാല്‍, വിമാനത്താവളവുമായി ബന്ധപ്പെട്ട പലതരം ഫീസുകളില്‍ എയര്‍ ഇന്ത്യ ഇളവുകള്‍ നേടുകയും ചെയ്തിരുന്നു. എയര്‍പോര്‍ട്ട് പാര്‍ക്കിങ്ങ് ഫീസ് ഉള്‍പ്പെടെയുള്ളവയില്‍ ആണ് എയര്‍ ഇന്ത്യയ്ക്ക് ഇളവുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീടാണ് ഇതൊരു സൗജന്യയാത്രയല്ല. മടങ്ങിപ്പോകുന്ന യാത്രക്കാരില്‍നിന്ന് എയര്‍ ഇന്ത്യ സാധാരണ നിരക്കിനേക്കാള്‍ ഉയര്‍ന്ന തുക ഈടാക്കുന്നുണ്ടെന്ന കാര്യം ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ക്ക് മനസിലായത്. ഇതാണ് ഖത്തറിനെ ചൊടിപ്പിച്ചത്.

എയര്‍ ഇന്ത്യ മടങ്ങിപ്പോകുന്ന യാത്രക്കാരില്‍നിന്ന് 750 ദിര്‍ഹമാണ് ഈടാക്കുന്നത്. 15,000 രൂപയോളം വരുമിത്. ഇതോടെയാണ് ഇത്തരത്തില്‍ ആളുകളില്‍ നിന്ന് പണം ഈടാക്കി നടത്തുന്ന യാത്രയ്ക്ക് ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് വിമാനത്താവളം നിലപാടെടുത്തത്. ഇതുമൂലമാണ് എയര്‍ ഇന്ത്യക്ക് ഖത്തര്‍ അനുമതി നിഷേധിച്ചത്.

കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് ദോഹയിലെത്തി തിരികെ യാത്രക്കാരെ തിരുവനന്തപുരത്തേക്ക് എത്തിക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 373 ആണ് ഇന്നലെ റദ്ദാക്കിയത്. ഉച്ചയ്ക്ക് 1 മണിക്ക് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. 96 സ്ത്രീകളും 20 കുട്ടികളും 85 പുരുഷന്‍മാരുമാണ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്.

Top