ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ദോക്‌ലാം വിഷയം നയതന്ത്ര പക്വതയോടെ പരിഹരിച്ചതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ത്യയുടെ ഒരു തരി മണ്ണ് പോലും നഷ്ടപ്പെടാതെ തന്നെ പ്രശ്‌നം പരിഹരിക്കാനായെന്നും അവര്‍ ലോക്‌സഭയില്‍ പറഞ്ഞു.
ചൈനയിലെ വുഹാനില്‍ നടന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായതെന്നും മന്ത്രി വിശദീകരിച്ചു.
വുഹാനില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചയില്‍ പ്രത്യേക അജണ്ടകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയല്ല നിശ്ചയിച്ചിരുന്നത്. പരസ്പര വിശ്വാസവും ധാരണയും ഊട്ടിയുറപ്പിക്കുന്ന ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും ധാരണയായിരുന്നുവെന്നും സുഷമ വ്യക്തമാക്കി.
ഇന്ത്യയെ സംബന്ധിച്ചടത്തോളം ദോക്‌ലാമിലെ ട്രൈ ജംഗ്ഷനെക്കുറിച്ചായിരുന്നു ആശങ്ക. ചൈനയും ഭൂട്ടാനും തമ്മിലുള്ള തര്‍ക്കം
ഇന്ത്യയുടെ വിഷയമായിരുന്നില്ലെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം അവസാനത്തോടെ ചൈനയിലെ പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തുന്നുണ്ട്. ഇന്ത്യയുമായുള്ള സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുകയെന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും സുഷമ പറഞ്ഞു. ഏതാണ്ട് 70 ദിവസത്തോളമാണ് ഡോക്‌ലാമില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ മുഖാമുഖം വന്നത്.
തര്‍ക്ക പ്രദേശത്ത് റോഡ് നിര്‍മ്മിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ തടഞ്ഞതോടെയാണ് കഴിഞ്ഞവര്‍ഷം ദോക്‌ലാമില്‍ സംഘര്‍ഷം ഉടലെടുത്തത്. ജൂണില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ ഓഗസ്റ്റ് 28 ഓടെയാണ് അവസാനിച്ചത്. ദോക്‌ലാമില്‍ ചൈനീസ് സൈന്യം ഹെലിപ്പാഡുകളും സൈനിക പോസ്റ്റുകളും ട്രഞ്ചുകളും നിര്‍മ്മിച്ചു വരികയാണെന്ന് പ്രതിരോധമന്ത്രി നേരത്തെ തന്നെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
ഇന്ത്യയുടെ ശ്രദ്ധ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് അതിര്‍ത്തിയിലേക്ക് മാറ്റണമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ജനുവരിയില്‍ പറഞ്ഞിരുന്നു. ദോക്‌ലാമിലെ സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് കരസേനാ മേധാവിയുടെ പ്രതികരണമെന്നും വിലയിരുത്തപ്പെട്ടിരുന്നു.